കോഴിക്കോട്: മലമുകളിൽ മാവോവാദി ഭീഷണി, വന്യമൃഗ ശല്യം, വോട്ടുയന്ത്രം കേടാവൽ തുടങ്ങി എന്തൊക്കെ പ്രശ്നങ്ങളും പ്രതിസന്ധികളുമാണവിടെ? എന്നാൽ അതിനെല്ലാം മേലെയാണ് വിലങ്ങാട്ടെ പാലൂരുകാരുടെ ജനാധിപത്യ ബോധം. ആദിവാസി വിഭാഗങ്ങൾ ഏറെയുള്ള ഇവിടെ 82 ശതമാനമാണ് പോളിങ്. സമുദ്ര നിരപ്പിൽനിന്ന് 1500 അടിയോളം മേലെ വനമേഖലയോട് ചേർന്നാണ് പാലൂർ ഗവ. എൽ.പി സ്കൂൾ. കണ്ണൂർ കണ്ണവം, വയനാട് വനമേഖല എന്നിവയോട് ചേർന്നുള്ള കോഴിക്കോടിന്റെ അതിർത്തി ഭാഗമാണിത്. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട്ടുനിന്ന് കുത്തനെയും വളഞ്ഞുപുളഞ്ഞും നാലു കിലോമീറ്റോളം സഞ്ചരിച്ചാലാണ് പാലൂർ ഗവ. എൽ.പി സ്കൂളിലെത്തുക. മിക്കപ്പോഴും കാട്ടാനകൾ നാട്ടുകാരുടെ കൃഷിനശിപ്പിക്കുന്ന ഇടം. മാവോവാദികളും പലതവണ ഇവിടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മൊബൈൽ ഫോണുകൾക്ക് റേഞ്ചില്ലാത്തതിനാൽ ബൂത്തിൽ പ്രത്യേകമായി സൗകര്യമൊരുക്കുകയായിരുന്നു. നാഗ ആംഡ് റിസർവ് പൊലീസിലെ എട്ടുപേരെയാണ് ഈ ഒറ്റ ബൂത്തിൽ മാത്രമായി വിന്യസിച്ചത്. ഇവരുടെ തോക്കിന്റെ സുരക്ഷയിലായിരുന്നു പോളിങ്. കേരള പൊലീസും വനം ഉദ്യോഗസ്ഥരും വേറെ.
എല്ലാ ഒരുക്കവും നേരത്തെ നടത്തിയിട്ടും രാവിലെ ഏഴിനുതന്നെ വിവിപാറ്റ് മെഷീൻ കേടായി. പിന്നീട് രണ്ടുമണിക്കൂറിനകം പുതിയ യന്ത്രമെത്തിച്ചാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആദിവാസി വിഭാഗങ്ങൾ കൂടുതൽ വോട്ടുചെയ്യുന്ന സംസ്ഥാനത്തെ അപൂർവം ബൂത്തുകളിലൊന്നുമാണിവിടം. മാടഞ്ചേരി, കുറ്റല്ലൂർ, പന്നിയേരി കോളനികളിലായി താമസിക്കുന്ന 428 പേർക്കാണ് ഇവിടെ വോട്ടുള്ളത്. രണ്ടുമണിക്കൂർ പോളിങ് വൈകിയെങ്കിലും വൈകീട്ട് ആറിനകം 82 ശതമാനം ആളുകളും വോട്ട് രേഖപ്പെടുത്തി. ഉച്ചയോടെതന്നെ 60 ശതമാനത്തിലധികമായിരുന്നു പോളിങ്.