കുന്ദമംഗലം: ദേശീയപാതയിൽ ഹോട്ടൽ സ്വീകാറിന് സമീപം ചേരിഞ്ചാൽ റോഡ് ജങ്ഷനിൽ ജൽജീവൻ മിഷൻ പൈപ്പ് പൊട്ടി റോഡിൽ കുടിവെള്ളം പുഴപോലെ പരന്നൊഴുകി. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോട് കൂടിയാണ് പൈപ്പു പൊട്ടിയത്. ശക്തിയിൽ വെള്ളം പുറത്തേക്കൊഴുകിയതിനാൽ പൊട്ടിയ സ്ഥലത്ത് കുഴികൾ രൂപപ്പെട്ടു. ഒരുപാട് സമയം റോഡിൽ ചളിയും ഉരുളൻകല്ലുകളും നിറഞ്ഞൊഴുകി.
സമീപത്തെ കടകളിലേക്ക് ആളുകൾക്ക് വരാൻ പ്രയാസം നേരിട്ടു. കുടിവെള്ളം കിട്ടാക്കനിയും വരൾച്ചയുമുള്ള സമയത്ത് പൈപ്പ് പൊട്ടിയത് അറിയിച്ചിട്ടും ഏറെ വൈകി ഉച്ചക്കുശേഷമാണ് അധികൃതർ പൈപ്പ് പൂട്ടിയത്. ഇതേസ്ഥലത്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ മൂന്നാം തവണയാണ് പൈപ്പുപൊട്ടുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പരിസരത്തെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്നത് പൈപ്പ് വെള്ളത്തെയാണ്. പൊട്ടിയ പൈപ്പ് നന്നാക്കുന്നതുവരെ നിരവധി കുടുംബങ്ങൾക്ക് വെള്ളം കിട്ടാതാകും. കുന്ദമംഗലത്തും പരിസരങ്ങളിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി ജൽജീവൻ മിഷൻ പൈപ്പ് പലയിടത്തും പൊട്ടുകയും നാട്ടുകാർ വെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയുമാണ്.
വേനൽ കനത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അതേസമയത്താണ് ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നത്. കനത്ത വേനലിൽ പ്രദേശത്ത് സ്ഥിരമായി കുടിവെള്ള പൈപ്പ് പൊട്ടുന്നത് ഇല്ലാതാക്കാനും പൊട്ടിയ പൈപ്പ് കാര്യക്ഷമമായി വേഗത്തിൽ നന്നാക്കാനും അധികൃതർ തയാറാകണമെന്നുമാണ് നാട്ടുകാർ പറയുന്നത്.