കോഴിക്കോട്: ഇലക്ടറൽ ബോണ്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞിടിച്ച് കോൺഗ്രസ് നേതാവും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി. മോദിയുടെ ഇലക്ടറൽ ബോണ്ടിനെ ‘കൊള്ളയടിക്കൽ’ എന്ന മലയാള പദം ഉപയോഗിച്ച് രാഹുൽ പരിഹസിച്ചു. കോഴിക്കോട് കൊടിയത്തൂരിൽ നടത്തിയ റോഡ് ഷോയിലായിരുന്നു രാഹുലിന്റെ പ്രതികരണം.
മോദി അഴിമതിയെ സംരക്ഷിക്കുന്നു. കൊള്ളയടിക്കലിനെ മോദി ഇലക്ടറൽ ബോണ്ട് എന്ന് പറയുന്നു. മാധ്യമങ്ങൾ ഇലക്ടറൽ ബോണ്ടിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് ഒരു ലേഖനം എഴുതിയാൽ സി.ബി.ഐയും ഇ.ഡിയും മാധ്യമപ്രവർത്തകരുടെ വീട്ടിലെത്തും. ഇതാണ് രാജ്യത്തെ ഇന്നത്തെ സാഹചര്യമെന്നും രാഹുൽ വ്യക്തമാക്കി.