പേരാമ്പ്ര: സിവിൽ സർവിസ് എന്ന ഉറച്ച തീരുമാനത്തിന്റെ കരുത്തിൽ തണ്ടോറ പാറ കാദംബരിയിൽ എസ്. അമൃത ജനറൽ വിഭാഗത്തിൽ 398ാം റാങ്ക് സ്വന്തമാക്കി. ഗ്രാമീണ മേഖലയിലെ എയ്ഡഡ് സ്കൂളുകളിൽ പഠിച്ചാണ് ഈ മിടുക്കി ഉന്നത റാങ്ക് കൈപ്പിടിയിലൊതുക്കിയത്.
അഞ്ചാം ക്ലാസ് വരെ ചക്കിട്ടപാറ സെന്റ് ആന്റണീസ് സ്കൂളിലും 6 മുതൽ 12 വരെ പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലും പഠിച്ചു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽനിന്ന് ബി.എ ഇക്ണോമിക്സിൽ ബിരുദമെടുത്ത അമൃത മഹാരാഷ്ട്രയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽനിന്ന് ഡെവലപ്മെന്റ് പോളിസി, പ്ലാനിങ് ആൻഡ് പ്രക്ടീസിൽ മാസ്റ്റർ ബിരുദവും സ്വന്തമാക്കിയ ശേഷമാണ് സിവിൽ സർവിസ് പരിശീലനത്തിന് പോയത്.
അഞ്ചാം തവണ എഴുതിയാണ് മികച്ച റാങ്കിലേക്ക് എത്തിയത്. പിതാവ് റിട്ട: ജില്ല ലേബർ ഓഫിസർ സന്തോഷ് കുമാറും മാതാവ് സരസ്വതിയും നൽകിയ പൂർണ പിന്തുണയാണ് ഈ വലിയ നേട്ടം കൈവരിക്കാൻ അമൃതയെ പ്രാപ്തയാക്കിയത്. ഇടത്തരം ഗ്രാമീണ കുടുംബത്തിൽ ജനിച്ച് കഠിനാധ്വാനത്തിലൂടെ വലിയ നേട്ടം കൈവരിച്ച അമൃതക്ക് നാടിന്റെ അഭിനന്ദന പ്രവാഹമാണ്.