അഴിയൂർ: റോഡരികിലൂടെ നടന്ന് പോകവെ കാറിടിച്ച് കാൽമുട്ടിന്റെ എല്ല് പൊട്ടി വീട്ടിൽ പ്ലാസ്റ്ററിട്ട് കിടക്കുന്നയാളോട് മൊഴി നൽകാൻ സ്റ്റേഷനിൽ ചെല്ലാൻ ചോമ്പാല പൊലീസ് ആവശ്യപ്പെട്ടെന്നും പരാതി രേഖാമൂലം നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ച് വീട്ടുകാർ വടകര ഡി.വൈ.എസ്.പിക്ക് പരാതി നൽകി. ചോമ്പാല പൊലീസ് സ്റ്റേഷനിലെ വനിത കോൺസ്റ്റബിൾ, മറ്റൊരു പൊലീസുകാരൻ എന്നിവർക്കെതിരെയാണ് അഴിയൂരിലെ കുടുംബം പരാതി നൽകിയത്.
പരാതി നൽകിയതിന് ശേഷം ഡി.വൈ.എസ.പിയുടെ ഇടപെടലിനെ തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ ചോമ്പാല പൊലീസ് വീട്ടിലെത്തി പരുക്കേറ്റയാളുടെ മൊഴി രേഖപ്പെടുത്തി. ഏപ്രിൽ നാലിനാണ് അപകടം നടന്നത്. പിറ്റേന്ന് രാവിലെ സ്റ്റേഷനിലെത്തി പരിക്കേറ്റയാളുടെ ഭാര്യയും അമ്മയും പരാതി നൽകി.
എന്നാൽ പരാതി രജിസ്റ്റർ ചെയ്യാം എന്ന് പറഞ്ഞ് വനിത കോൺസ്റ്റബിൾ യുവതിയെയും വൃദ്ധയായ മാതാവിനെയും 12 മണി വരെ സ്റ്റേഷന് പുറത്ത് ഇരുത്തിയതായി പരാതിയിൽ പറയുന്നു. പോലീസുകാർ ഡ്രൈവർക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതായും ഇടിച്ച വാഹനം ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് സ്റ്റേഷനിൽ എത്തിച്ചില്ലെന്നും പരാതിയിലുണ്ട്. ഡി.വൈ.എസ്.പിയുടെ ഇടപെടലിനെ തുടർന്ന് സംഭവത്തിൽ ചോമ്പാല പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്നും വീട്ടുകാർ പറഞ്ഞു.