മുക്കം: കാരശ്ശേരി വല്ലത്തായ്പാറയിൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കൂടരഞ്ഞി കോലോത്തും കടവ് പുത്തൻപറമ്പിൽ ജംഷീദിനെയാണ് മുക്കം പൊലീസ് പിടികൂടിയത്. ഇയാൾ നേരത്തേ കൊടുവള്ളി, ബാലുശ്ശേരി, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസിൽ പ്രതിയാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പരാതിക്കാരി പറഞ്ഞ സൂചനകൾ അനുസരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിതന്നെ പ്രതിയെ കൂടരഞ്ഞി കോലോത്തും കടവിലെ വീട്ടിൽനിന്ന് മുക്കം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രദേശത്ത് നേരത്തേയും ഇത്തരം കളവുകൾ നടന്ന സാഹചര്യത്തിൽ താമരശ്ശേരി ഡിവൈ.എസ്.പിയുടെ സ്ക്വാഡും ജംഷീദിനെ ചോദ്യം ചെയ്തിരുന്നു
പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുക്കം ഇൻസ്പെക്ടർ മഹേഷ്, എസ്.ഐ വിനോദ് കുമാർ, എ.എസ്.ഐ നൗഫൽ, സീനിയർ സി.പി.ഒമാരായ അബ്ദുൽ റഷീദ്, അനീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ബുധനാഴ്ച പുലർച്ച 3.45ഓടെ കാരശ്ശേരി പഞ്ചായത്തിലെ വല്ലാത്തായി പാറയിലാണ് സംഭവം. കാവുങ്ങൽ അസീസിന്റെ ഭാര്യ സഫിയ പുലർച്ച നോമ്പിനുവേണ്ടി അത്താഴമൊരുക്കാൻ അടുക്കളഭാഗത്തെ വാതിൽ തുറന്നു വർക്ക് ഏരിയയിലേക്ക് എത്തിയപ്പോൾ ഇവിടെ ഒളിച്ചിരുന്ന മോഷ്ടാവ് മുളകുപൊടി എറിയുകയും കഴുത്തിൽ കിടന്ന മാല മോഷ്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു.