താമരശ്ശേരി: താമരശ്ശേരി സ്വദേശിയുടെ 5,86,200 രൂപ തട്ടിയെടുത്ത മൂന്നു പേരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ടെലിഗ്രാം ആപ് അക്കൗണ്ട് വഴി കോൺ ടി.വിയുടെ (con.tv) പാർട്ട്ടൈം ജോലിയിലൂടെ കൂടുതൽ പണം ലഭിക്കുമെന്നു വിശ്വസിപ്പിച്ച് താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശിയിൽനിന്ന് 5,86,200 രൂപ തട്ടിയെടുത്ത കേസിലാണ് ഇവർ അറസ്റ്റിലായത്.
കൊയിലാണ്ടി മുത്താമ്പി കിഴക്കേ പറയച്ചാൽ അനസ് (32), നടേരി തെക്കേടത്തുകണ്ടി സാദിഖ് (35), പുതുപ്പാടി കൈതപ്പൊയിൽ പടിഞ്ഞാറുതൊടുകയിൽ ഷിബിലി (27) എന്നിവരാണ് അറസ്റ്റിലായത്. അനസിന്റെ പക്കൽനിന്ന് 5,25,000 രൂപ കണ്ടെടുത്തു. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശിയുടെ പരാതിയിലാണ് നടപടി.
ഈ മാസം രണ്ട്, നാല്, അഞ്ച് തീയതികളിലാണ് പലതവണകളായി പണം അക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പിന്നീട് പണവും ലാഭവും നൽകാതെ വഞ്ചിച്ചത്.
ആദ്യം 10,000 രൂപ ബാങ്കിൽ നിക്ഷേപിപ്പിക്കും. പിന്നീട് കൂടുതൽ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് 21,000 രൂപ കൂടി അടക്കാൻ പറയും. തുടർന്നാണ് വാഗ്ദാനങ്ങളിലൂടെ 51,000, 1,51,000, 3,53,200 രൂപ നൽകി. കുടുക്കിലുമ്മാരം സ്വദേശിക്ക് ഇങ്ങനെയാണ് 5,86,200 രൂപ നഷ്ടമായത്. കൂടുതൽ പേർ തട്ടിപ്പിനിരയായതായാണ് പൊലീസ് സംശയിക്കുന്നത്. സൈബർ പൊലീസിന്റെ സഹായത്തോടെ തട്ടിപ്പിൽ ഉൾപ്പെട്ട കൂടുതൽ പേരെക്കുറിച്ച് സൂചന ലഭിച്ചതായി സി.ഐ പറഞ്ഞു.