താമരശ്ശേരി: താമരശ്ശേരി രൂപതയുടെ കുറ്റവിചാരണ കോടതി നടപടികൾ ആരംഭിച്ചു. സഭയുടെ നിലപാടുകൾക്കെതിരെ പ്രതികരിച്ചതിനാണ് ഫാ. അജി പുതിയാപറമ്പിലിനോട് കുറ്റവിചാരണ കോടതിയിൽ ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടത്. താമരശ്ശേരി ബിഷപ്സ് ഹൗസിലെ രണ്ടാം നിലയിൽ അടച്ചിട്ട മുറിയിൽ അസ്വസ്ഥപ്പെടുത്തുന്ന അന്തരീക്ഷത്തിലാണ് വിചാരണയെന്ന് ഫാ. അജി പറഞ്ഞു.
ഒരു ജനൽ തുറന്നിടാൻ പോലും പറഞ്ഞിട്ട് അനുവദിച്ചില്ല. തന്റെ കൂടെ വന്ന രണ്ട് രൂപത അംഗങ്ങൾക്ക് ഇരിക്കാൻ കസേര പോലും നൽകിയില്ല. അവർ നിലത്താണ് ഇരുന്നത്. ഇത് ദുഃഖകരമാണ്. കോടതിയിൽ എന്റെ ഭാഗം വാദിക്കാൻ പാടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ചോദിക്കുന്നതിന് മാത്രം ഉത്തരം പറഞ്ഞാൽ മതിയെന്ന്. എന്റെ ഭാഗം പറയാൻ അവസരമില്ലെങ്കിൽ പിന്നെ എന്തിനാണ് വിളിച്ചുവരുത്തിയത്, വാദിക്കാനുള്ള അവകാശം നൽകണം. അസ്വസ്ഥപ്പെടുത്തുന്ന തരത്തിലുള്ള വിചാരണ അവസാനിപ്പിക്കണം.
സത്യം ജയിക്കണമെന്നും നീതി പുലരണമെന്നും ഉണ്ടെങ്കിൽ അതിനുള്ള സാഹചര്യം ഒരുക്കണം. അല്ലെങ്കിൽ സത്യവും നീതിയും ക്രൂശിക്കപ്പെടുമെന്നും ഫാ. അജി പുതിയാപറമ്പിൽ പറഞ്ഞു.
സഭയുടെ നിലപാടുകൾക്കെതിരെ പ്രവർത്തിച്ചെന്ന കുറ്റം ചുമത്തിയാണ് ഫാ. അജിയെ വിചാരണ ചെയ്യാൻ ഫാ. ബെന്നി മുണ്ടനാട്ട് മുഖ്യ ജഡ്ജിയും ഫാ. ജയിംസ് കല്ലിങ്കൽ, ഫാ. ആന്റണി വരകിൽ എന്നിവർ സഹജഡ്ജിമാരുമായുള്ള കുറ്റവിചാരണ കോടതി 2023 സെപ്റ്റംബർ 21ന് നിലവിൽ വന്നത്. താമരശ്ശേരി രൂപതാധ്യക്ഷൻ ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിലാണ് കോടതി സ്ഥാപിച്ചത്.