മുക്കം: മലയോര മേഖലയിലെ പ്രധാന ടൗണുകളിലൊന്നായ മുക്കത്ത് തെരുവുവിളക്കുകൾ കത്താതായതോടെ രാത്രിയിൽ നഗരം ഇരുട്ടിൽ. ടൗണിലെ ആലിൻചുവട്ടിൽനിന്ന് പ്രധാന കേന്ദ്രങ്ങളായ പി.സി ജങ്ഷൻ, ഓർഫനേജ് റോഡ്, അഭിലാഷ് ജങ്ഷൻ, എസ്.കെ പാർക്ക് പരിസരം, മാർക്കറ്റ് റോഡ്, പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം തെരുവുവിളക്കുകൾ കത്താത്ത അവസ്ഥയാണ്. പഴയ ബസ് സ്റ്റാൻഡിന്റെ ഒരു മൂലയിൽ ലോ മാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നുണ്ടെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് വെളിച്ചമെത്തുന്നില്ല.
ഇതോടെ, രാത്രി സമയങ്ങളിൽ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് വലിയ ദുരിതമാണ്. സാമൂഹിക വിരുദ്ധശല്യത്തിന് പുറമെ അങ്ങാടിയിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെയും പേടിക്കണം. മുക്കം അഭിലാഷ് ജങ്ഷനിലുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ കത്താതായിട്ട് മാസങ്ങളായി. ഇവ പ്രവർത്തിപ്പിക്കാൻ നടപടിയുണ്ടായിട്ടില്ല.
രാത്രി കടകൾ അടക്കുന്നതുവരെ കടകളിൽനിന്നുള്ള ലൈറ്റുകൾ ഉള്ളതിനാൽ വലിയ പ്രയാസമില്ലാത്ത അവസ്ഥയാണ്. എന്നാൽ, കടകൾ അടച്ചുകഴിഞ്ഞാൽ പ്രതിസന്ധി രൂക്ഷമാവും. മുക്കത്ത് മോഷ്ടാക്കളുടെ ശല്യവും അടുത്ത കാലത്തായി വർധിച്ചിരുന്നു. തെരുവുവിളക്കുകൾ കത്താത്തത് മോഷ്ടാക്കൾക്കും വലിയ അനുഗ്രഹമാണ്.
എത്രയും പെട്ടെന്ന് ലൈറ്റുകൾ കത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നത്. അതേസമയം, കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയുടെ ഭാഗമായ സ്ഥലങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെ ലൈറ്റുകൾ പ്രകാശിക്കുന്നതിനാൽ വലിയ പ്രശ്നമില്ല.