വടകര: നഗരത്തിൽ മലിന ജലം പൊതുസ്ഥലത്ത് ഒഴുക്കിയ രണ്ട് സ്ഥാപനങ്ങൾക്കെതിരെ നഗരസഭ അര ലക്ഷം രൂപ പിഴ ചുമത്തി. പുതിയ സ്റ്റാൻഡിനു സമീപത്തെ സിറ്റി ലോഡ്ജിൽനിന്നും എടോടി റെയിൽവേ സ്റ്റേഷൻ റോഡ് ജങ്ഷനിലെ കെട്ടിടത്തിൽനിന്നുമാണ് പൊതുസ്ഥലത്ത് മലിനജലം ഒഴുകുന്നതായി നഗരസഭക്ക് പരാതി ലഭിച്ചത്. നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മലിനജലം ഒഴുക്കുന്നതായും ലോഡ്ജിൽ ഇതര സംസ്ഥാന തൊഴിലാളികൾ അനധികൃതമായി താമസിപ്പിക്കുന്നതായും കണ്ടെത്തി.
മലിനജല സംസ്കരണത്തിന് ശാസ്ത്രീയമായ പ്ലാന്റ് സ്ഥാപിക്കുന്നതിന് സിറ്റി ലോഡ്ജ് ഉടമക്ക് നോട്ടീസ് നൽകി. വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിൽ അനധികൃതമായി ആളുകളെ പാർപ്പിച്ചതിനെതിരെ എടോടി ജങ്ഷനിലെ കടയുടമക്കും നോട്ടീസ് നൽകി. താമസക്കാരെ ഒഴിപ്പിച്ച് മുറി പൂട്ടി സീൽ ചെയ്യുന്നതിന് ഹെൽത്ത് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി.
നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ക്ലീൻ സിറ്റി മാനേജർ കെ.പി. രമേശൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.സി. പ്രവീൺ, എസ്. സന്ധ്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. ശ്രീമ എന്നിവർ പങ്കെടുത്തു.