കൊയിലാണ്ടി: നഗരസഭ ഭാഗത്ത് വൈദ്യുതി സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഇനി വേഗം കൂടും. ഇതിനുവേണ്ടി കണ്ടെത്തിയ സ്ഥലത്തിന് ബോർഡ് അംഗീകാരം നൽകി.
വിയ്യൂർ വില്ലേജിൽ നെല്യാടി റോഡിൽ ബൈപാസിനു സമീപം 51.47 സെന്റ് ഭൂമിയാണ് കണ്ടെത്തിയത്. 27.76 കോടിയാണ് നിർമാണ ചെലവ്. സബ് സ്റ്റേഷൻ പ്രവൃത്തി ഉടൻ ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. മൂന്നു വർഷം മുമ്പ് സ്ഥലം കണ്ടെത്തുന്നതിന് 20.6 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. യോജിച്ച സ്ഥലത്തിന് തിരച്ചിൽ തുടരുകയായിരുന്നു.
നിലവിൽ കന്നൂര് സബ് സ്റ്റേഷനിൽനിന്നാണ് അഞ്ചു കിലോമീറ്റർ പിന്നിട്ട് 110 കെ.വി ലൈനിലൂടെ കൊയിലാണ്ടി മേഖലയിൽ വൈദ്യുതി എത്തുന്നത്. ഇത് ഉപഭോക്താക്കൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. എവിടെയെങ്കിലും ലൈനുകൾക്കും പോസ്റ്റുകൾക്കും അപകടം സംഭവിച്ചാൽ വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെടുന്ന അവസ്ഥയാണ്. കൊയിലാണ്ടി, പയ്യോളി നഗരസഭകൾ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, തിക്കോടി പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന വൈദ്യുതി പ്രശ്നത്തിന് പരിഹാരം കാണാൻ പുതിയ സബ്സ്റ്റേഷൻ കൊണ്ട് കഴിയുമെന്നാണ് കരുതുന്നത്. കുറഞ്ഞ സ്ഥലം മതി എന്നതാണ് പ്രത്യേകത. മുമ്പ് 75 സെന്റിലധികം സ്ഥലം ആവശ്യമായിരുന്നു.
ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന് സ്ഥാപിക്കാന്‍ 30-35 സെന്റ് സ്ഥലം മതി. ഇടക്കിടെയുള്ള വൈദ്യുതി മുടങ്ങൽ, വോള്‍ട്ടേജ് ക്ഷാമം എന്നിവ ഉപഭോക്താക്കൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. തൊഴിൽ-സേവന മേഖലകളെ ഇത് സാരമായി ബാധിക്കുന്നു. കൊയിലാണ്ടിയില്‍ 23,000 വൈദ്യുതി ഉപഭോക്താക്കളാണുള്ളത്; പൂക്കാട് 22,000, പയ്യോളി 18,000, തിക്കോടി 14,000, മൂടാടി 16,000 എന്നിങ്ങനെ. ഗാർഹിക-വാണിജ്യ ഉപഭോക്താക്കളുടെ എണ്ണം അനുദിനം വർധിക്കുകയാണ്. അതിനനുസരിച്ച് പ്രസരണ മേഖലയിലും മാറ്റം വന്നെങ്കിൽ മാത്രമേ വൈദ്യുതി വിതരണ രംഗം കാര്യക്ഷമമാകൂ. ആധുനിക രീതിയിലുള്ള സബ് സ്റ്റേഷനാണ് കൊയിലാണ്ടിയിൽ വരുന്നത്. സ്വയം നിയന്ത്രണ-റിമോട്ട് സംവിധാനം ഉൾപ്പെടെയുണ്ടാകും.