പുലി പട്ടിയെ പിടിച്ച കാവിലുംപാറ വട്ടിപ്പനയിലും വനംവകുപ്പ് കാമറ സ്ഥാപിച്ചു. നേരത്തേ പട്ടിയെ കൊന്നുതിന്ന മരുതോങ്കര പശുക്കടവിലെ പൃക്കൻതോട് ഒരു കാമറകൂടി സ്ഥാപിച്ചതായി കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ നിഖിൽ ജെറോം പറഞ്ഞു. നേരത്തേ രണ്ടുവീതം കാമറകൾ പൃക്കൻതോടും എക്കലിലും സ്ഥാപിച്ചിരുന്നു. പശുക്കടവിൽ നടന്ന സർവകക്ഷിയോഗ തീരുമാനപ്രകാരമാണ് കൂടുതൽ കാമറകൾ സ്ഥാപിച്ചത്.
വട്ടിപ്പനയിൽ ഏട്ടിയിൽ ഞാവള്ളി ജോസിന്റെ വീട്ടിനകത്തുണ്ടായിരുന്ന പട്ടിയെയാണ് പുലി കടിച്ചുകൊന്നത്. വീടിന്റെ അടുക്കളയോടു ചേർന്ന മുറിക്കകത്ത് നാലു കുഞ്ഞുങ്ങളുമായി കിടക്കുകയായിരുന്നു പട്ടി. വീട്ടുകാരൻ ബഹളംവെച്ചപ്പോൾ മറ്റൊരു പട്ടിയെ ഉപേക്ഷിച്ച് പുലി കടന്നുകളയുകയായിരുന്നത്രെ.
മൂന്നു ദിവസം മുമ്പ് ഇതിനെ പുലി പിടിക്കാൻ ശ്രമിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. മറ്റൊരു പട്ടിയും വീട്ടുകാരനും ബഹളംവെച്ചപ്പോൾ പുലി പട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിന്നീടാണ് ചത്തത്. അതിനിടെ വെള്ളിയാഴ്ച മൂന്നു മണിക്ക് വട്ടിപ്പനയിൽ ഗ്രാമപഞ്ചായത്ത് സർവകക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിട്ടുണ്ട്.