കൊടിയത്തൂർ: പൊതുമരാമത്ത് വകുപ്പ് 4.21 കോടി രൂപ മുടക്കി മുക്കം ചെറുവാടി (എൻ.എം ഹുസ്സൈൻ ഹാജി) റോഡിലെ കോട്ടമൂഴി പാലം പുനർനിർമിക്കുന്നു. പുനർനിർമാണത്തിന്റെ പ്രാഥമിക പ്രവൃത്തി തുടങ്ങി.
ഒരാഴ്ച മുമ്പ് പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചിരുന്നു. 40 വർഷം മുമ്പ് നിർമിച്ച അപകടാവസ്ഥയിലായ പാലമാണ് 11 മീറ്റർ വീതിയിലും 18 മീറ്റർ നീളത്തിലും പുനർനിർമിക്കുന്നത്. വ്യാഴാഴ്ചമുതൽ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി അസി. എൻജിനീയർ ബൈജു അറിയിച്ചു. കാൽനട യാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും പ്രത്യേക വഴി നിർമിച്ചിട്ടുണ്ട്.
നാലുവർഷം മുമ്പ് വെള്ളപ്പൊക്കത്തിൽ സംരക്ഷണ ഭിത്തി തകർന്നതിനെതുടർന്ന് 13 ലക്ഷം ചെലവഴിച്ച് താൽക്കാലികമായി ബലപ്പെടുത്തിയിരുന്നു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് പാലം പുനർനിർമാണത്തിന് നേരത്തേ ഭരണാനുമതി തേടിയിരുന്നു.
ശോച്യാവസ്ഥയിലായിരുന്ന പാലം പുനർനിർമിക്കണമെന്ന ജനങ്ങളുടെ പ്രധാന ആവശ്യമാണ് യാഥാർഥ്യമാവുന്നത്. പാലം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് കരാർ കമ്പനി ഉദ്ദേശിക്കുന്നത്.