കോഴിക്കോട്: വൻ ലാഭം വാഗ്ദാനം ചെയ്തും ഷെയര്‍ മാര്‍ക്കറ്റില്‍ വിദേശ ഇന്സ്റ്റിറ്റ്യൂഷന് ഇന്‍വെസ്റ്റ്മെന്റ് വഴി നിക്ഷേപം നടത്താമെന്നും വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയില്‍നിന്നും 60,70,000 രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത കേസിൽ കോളജ് വിദ്യാർഥികളും മലപ്പുറം വാണിയമ്പലം സ്വദേശികളുമായ മുഹമ്മദ് അജ്മൽ, അൻഷാദ് മോയിക്കൽ, കോഴിക്കോട് കൊടുവള്ളി സ്വദേശി പി. റംഷീൽ എന്നിവരെയാണ് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പ് നടത്തുന്ന വൻ സംഘത്തിൽ കമീഷൻ വ്യവസ്ഥയിൽ കണ്ണികളായാണ് ഇവർ പ്രവർത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതേ പരാതിക്കാരന്റെ തന്നെ 15 ലക്ഷം രൂപ നഷ്ടമായ കേസിലും അന്വേഷണം നടക്കുന്നുണ്ട്.
തട്ടിപ്പ് നടത്തുന്നവർ പണം ഇവരുടെ അക്കൗണ്ടുകളിലേക്കാണ് അയച്ചിരുന്നത്. തുടർന്ന് ഇവർ പണം അക്കൗണ്ടിൽനിന്ന് പിൻവലിച്ച് സംഘത്തിന് നൽകുകയാണ് രീതി. കേസിൽ കൂടുതൽ പ്രതികളുണ്ട്. ഇവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതോടെ കേസിന്റെ തുടരന്വേഷണം ഊർജിതമാക്കി. പ്രതികളെ കോഴിക്കോട് സി.ജെ.എം കോടതി റിമാൻഡ് ചെയ്തു. സമാന തട്ടിപ്പിൽ നേരത്തെയും ജില്ലയിൽ അറസ്റ്റുണ്ടായിരുന്നു. വ്യാജ ഷെയർ ട്രേഡിങ് വെബ്സൈറ്റ് ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി ഷെയർ ട്രേഡിങ്ങിലൂടെ കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയിൽനിന്നും 48 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം കാളികാവ് സ്വദേശി മുജീബാണ് നേരത്തെ പിടിയിലായത്. ഓൺലൈൻ ബിസിനസ് നടത്തി 1,30,000 രൂപ നഷ്ടമായെന്ന കോഴിക്കോട്ടുകാരന്റെ പരാതിയിൽ ആയഞ്ചേരി സ്വദേശി പുതുവരിക്കോട്ട് മെഹറൂഫും പിടിയിലായിരുന്നു.