ഉള്ള്യേരി: ഓട്ടോമാറ്റിക് വാതിൽ അടക്കാത്തതിനെ തുടർന്ന് പുറത്തേക്ക് തെറിച്ചുവീണ് ബസ് യാത്രക്കാരന് ഗുരുതര പരിക്ക്. എരഞ്ഞിക്കൽ അമ്പലപ്പടി സ്വദേശി മുഹമ്മദ് ഗസ്നി(58)ക്കാണ് പരിക്കേറ്റത്. മൊടക്കല്ലൂരിനു സമീപം കൂമുള്ളിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. പേരാമ്പ്ര അത്തോളി-കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസ് ആണ് അപകടത്തിനിടയാക്കിയത്.
ബസിന്റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന മുഹമ്മദ് ഗസ്നി തുറന്നുകിടന്ന വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തൊട്ടുമുമ്പുള്ള സ്റ്റോപ്പിൽ ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്ത ശേഷം ബസിന്റെ ഡോർ അടച്ചിരുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ഗസ്നിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തലക്കും വാരിയെല്ലുകൾക്കും സാരമായി പരിക്കേറ്റ ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ബന്ധുക്കൾ അത്തോളി പൊലീസിൽ പരാതി നൽകി. ബസ് ഡ്രൈവർക്കെതിരെ അത്തോളി പൊലീസ് കേസെടുത്തിട്ടുണ്ട്.