കൊച്ചി: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധത്തിൽ പിണറായി വിജയനെതിരെ ആരോപണം ആവർത്തിച്ച് ഭാര്യയും വടകര എം.എൽ.എയുമായ കെ.കെ. രമ. ടി.പിയെ വധിച്ചത് പിണറായി വിജയൻ അറിഞ്ഞ് കൊണ്ടാണെന്ന് കെ.കെ. രമ പറഞ്ഞു.
കൊലയാളികൾ സഞ്ചരിച്ച കാറിന് പിന്നിൽ മാഷാ അള്ള എന്നാണ് എഴുതിയത്. ആ ഇന്നോവ കാർ കണ്ടെത്തും മുമ്പ് തന്നെ കൊലക്ക് പിന്നിൽ മതതീവ്രവാദികളാണെന്ന പിണറായിയുടെ പ്രതികരണം മാത്രംമതി അത് മനസിലാക്കാനെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടി.
സാങ്കേതിക കാരണങ്ങൾ മുൻനിര്‍ത്തിയാണ് ടി.പി. കേസിന്റെ ഗൂഢാലോചന കുറ്റത്തിൽ നിന്ന് സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ പുറത്തായത്. മേൽക്കോടതിയിൽ പോകുമ്പോൾ പി. മോഹനന് പുറമെ സി.പി.എം നേതാക്കളായ പി. ജയരാജനും എളമരം കരീമും പ്രതികളാകുമെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടി.
കെ.കെ. ശൈലജ എം.എൽ.എയെ വടകര ലോക്സഭ സീറ്റിൽ മത്സരിപ്പിക്കുന്നത് കുരുതി കൊടുക്കാനാണെന്ന് കെ.കെ. രമ ആരോപിച്ചു. ശൈലജയുടെ സ്ഥാനാർഥിത്വം കരുത്തരെ ഒതുക്കുന്ന പിണറായിയുടെ രാഷ്ട്രീയ തന്ത്രത്തിന്‍റെ ഭാഗമാണ്. ടി.പി. വധത്തിലടക്കം ഒരുപാട് വിഷയങ്ങളിൽ സി.പി.എം ഉത്തരം പറയേണ്ടി വരുമെന്നും കെ.കെ. രമ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.