കോഴിക്കോട്: ആൾക്കൂട്ട വിചാരണയെത്തുടർന്ന് മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവ് മരത്തിൽ തൂങ്ങിമരിച്ച് ഒരു വർഷം പൂർത്തിയായിട്ടും നീതി ലഭിച്ചില്ലെന്ന് ആക്ഷേപം. ആരംഭം മുതൽ മുൻവിധിയോടെയാണ് പൊലീസ് സമീപിച്ചതെന്ന് ആക്ഷേപം നിലനിൽക്കുന്ന കേസിൽ അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
സംഭവത്തിൽ ആൾക്കൂട്ട വിചാരണ ഉണ്ടായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് ജില്ല കോടതിയിൽ റിപ്പോർട്ട് നൽകിയത്. എന്നാൽ, വിശ്വാനാഥന് നീതി ലഭിക്കുന്നതുവരെ പോരാടാനാണ് കുടുംബത്തിന്റെ തീരുമാനമെന്ന് സഹോദരൻ വിനോദ് പറഞ്ഞു. പരാതി കൊടുക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ മുതൽ മുൻധാരണയോടെയായിരുന്നു പൊലീസിന്റെ സമീപനം. കേസ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ചിട്ടും സഹോദരന് നീതി ലഭിച്ചിട്ടില്ലെന്നും വിനോദ് പറഞ്ഞു.
കേസ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ പകർപ്പിനായി കോഴിക്കോട് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണെന്നും ഇത് ലഭിച്ചാലുടൻ തുടർനടപടിയെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹി ഡോ. പി.ജി. ഹരിയും അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 11നാണ് മേപ്പാടി സ്വദേശി വിശ്വനാഥനെ കോഴിക്കോട് മെഡി. കോളജ് പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിന് ഒപ്പമെത്തിയതായിരുന്നു വിശ്വനാഥർ.
മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് മുന്നിൽ രാത്രി നിൽക്കവെ മൊബൈൽ ഫോൺ കവർന്നെന്ന് ചിലർ വിശ്വനാഥനെതിരെ പരാതി ഉന്നയിച്ചിരുന്നു. തുടർന്ന് തർക്കമുണ്ടായതോടെ ഓടിപ്പോയ വിശ്വനാഥനെ പിറ്റേന്ന് മെഡിക്കൽ കോളജ് വളപ്പിലെ വലിയ മരത്തിനുമുകളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മോഷണ കുറ്റം ആരോപിച്ചുള്ള ആൾക്കൂട്ട വിചാരണയെ തുടർന്നാണ് വിശ്വനാഥൻ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.
കേസെടുത്ത മെഡിക്കൽ കോളജ് പൊലീസ്, ആശുപത്രി അധികൃതരിൽ നിന്നടക്കം മൊഴിയെടുത്തെങ്കിലും ആൾക്കൂട്ട വിചാരണയോ ആക്രമമോ നടന്നതായി കണ്ടെത്താനായില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു. കേസിൽ മനുഷ്യാവകാശ കമീഷൻ ഇടപെട്ടിരുന്നു.