ബാലുശ്ശേരി: സുരക്ഷാസൗകര്യങ്ങൾ വിലയിരുത്തിയശേഷം കക്കയം ഇക്കോ ടൂറിസം കേന്ദ്രം ഒരാഴ്ചക്കുള്ളിൽ തുറക്കുമെന്ന് വനംവകുപ്പ്. കഴിഞ്ഞ മാസം 21 മുതലാണ് കേന്ദ്രം അടച്ചത്. ഡാം സൈറ്റിലെത്തിയ വിനോദസഞ്ചാരികളായ യുവതിയെയും മകളെയും കാട്ടുപോത്ത് ആക്രമിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഇക്കോ ടൂറിസം കേന്ദ്രവും കെ.എസ്.ഇ.ബിയുടെ ഹൈഡൽ ടൂറിസം കേന്ദ്രവും അടച്ചിടാൻ തീരുമാനിച്ചത്. ഇവിടത്തെ ടൂറിസം കേന്ദ്രങ്ങൾ വനംവകുപ്പും കെ.എസ്.ഇ.ബിയും സംയുക്തമായാണ് നടത്തിവരുന്നത്.
സഞ്ചാരികളിൽനിന്ന് പ്രവേശന ഫീസായിതന്നെ വനംവകുപ്പും കെ.എസ്.ഇ.ബി ഹൈഡൽ ടൂറിസവും സംയുക്തമായി 60 രൂപ വാങ്ങുന്നുണ്ട്. വാഹന പാർക്കിങ് ഫീസ്, കാമറ എന്നിവക്കും ഫീസ് വാങ്ങുന്നുണ്ട്. ഹൈഡൽ ടൂറിസത്തിന്റെ ഭാഗമായുള്ള ബോട്ടിങ്ങിന് ഒരാൾക്ക് 250 രൂപയും ചാർജ് ചെയ്യുന്നുണ്ട്. ലഭിക്കുന്ന വരുമാനത്തിന്റെ ചെറിയൊരു ഭാഗം ചെലവാക്കിയാൽതന്നെ മികച്ച സുരക്ഷാസംവിധാനങ്ങൾ ഒരുക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.
ഇവിടത്തെ ഭൂമിശാസ്ത്രമനുസരിച്ച് പവർ ഫെൻസിങ്, ട്രഞ്ചിങ് എന്നീ സുരക്ഷാക്രമീകരണങ്ങൾ പ്രയാസമാണെന്നാണ് അധികൃതർ പറയുന്നത്. ഡാം സൈറ്റ് റോഡിനു താഴെയായി താമസിക്കുന്നവർ വന്യമൃഗശല്യത്താൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. വനംവകുപ്പ് നിർദേശങ്ങൾ പാലിക്കാതെയുള്ള വിനോദസഞ്ചാരികളുടെ പെരുമാറ്റവും പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതും ഭക്ഷണാവശിഷ്ടങ്ങൾ വനത്തിൽ വലിച്ചെറിയുന്നതും മൃഗങ്ങളെ ടൂറിസം പരിസര പ്രദേശത്തേക്ക് ആകർഷിക്കാനിടയാക്കുന്നുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
മറ്റു പ്രതിരോധ മാർഗങ്ങൾ പ്രയാസമായതിനാൽ മൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ കൂടുതൽ വാച്ചർമാരെ നിയോഗിക്കാനും തീരുമാനമുണ്ട്. ഡാം സൈറ്റിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടതോടെ ഒട്ടേറെ പേരുടെ തൊഴിലുകൂടിയാണ് നഷ്ടപ്പെട്ടത്. കക്കയം അങ്ങാടിയിലെ ഓട്ടോറിക്ഷാ തൊഴിലാളികളടക്കം ദുരിതമനുഭവിക്കുന്ന അവസ്ഥയിലാണ്.