ബാലുശ്ശേരി: ബാലുശ്ശേരി മേഖലയിൽ മോഷണം പതിവാക്കിയവരും ലഹരിസംഘത്തിൽപെട്ടവരുമായ രണ്ടുപേർ പൊലീസ് പിടിയിൽ. ലഹരി ഉപഭോക്താക്കളും സ്ഥിരം ശല്യക്കാരുമായ അവിടനല്ലൂർ പൊന്നാമ്പത്ത് മീത്തൽ ബബിനേഷ് (32), പൂനത്ത് നെല്ലിയുള്ളതിൽ അരുൺകുമാർ (30) എന്നിവരെയാണ് ബാലുശ്ശേരി എസ്.ഐ റഫീഖും പാർട്ടിയും ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
ബാലുശ്ശേരിയിലും പരിസരങ്ങളിലുമായി കഴിഞ്ഞ മാസങ്ങളിൽ നടന്ന മോഷണ പരമ്പരക്ക് നേതൃത്വം കൊടുത്തവരും ലഹരി ഉപയോഗവും വിൽപനയും നടത്തുന്നവരുമായ പ്രതികളെ കണ്ടെത്തുന്നതിന് ബാലുശ്ശേരി പൊലീസ് ഇൻസ്പക്ടർ എം.കെ. സുരേഷ് കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ റഫീഖിന്റെ മേൽനോട്ടത്തിൽ സ്പെഷൽ സ്ക്വാഡ് രൂപവത്കരിച്ചിരുന്നു.
ബബിനേഷ് കഴിഞ്ഞ നവംബർ 17ന് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയയാളും പൂനത്തെ വീട്ടിൽനിന്നും 24,000 രൂപ മോഷണം നടത്തിയ കേസിലെയും കപ്പുറം കുന്നോത്ത് പരദേവത ക്ഷേത്രത്തിലെ മൂന്ന് കവരവിളക്കുകൾ മോഷ്ടിച്ച കേസിലെയും പ്രതിയുമാണ്. അരുൺകുമാർ ലഹരി ഉപയോഗിക്കുന്നയാളും ഇതുമായി ബന്ധപ്പെട്ട് നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നയാളും ക്ഷേത്ര മോഷണത്തിൽ ബബിനേഷിന്റെ കൂട്ടാളിയുമാണ്. കളവുകേസിൽ ഇവരുടെ സംഘത്തിൽപ്പെട്ട കൂടുതൽ പ്രതികളെ കണ്ടെത്താനുണ്ട്.
എസ്.ഐമാരായ രാധാകൃഷ്ണൻ, റഷീദ്, രാജേഷ്, സി.പി.ഒമാരായ സുരാജ്, രജീഷ്, സി.ടി. രാജേഷ് എന്നിവരും സ്പെഷൽ സ്ക്വാഡിലുണ്ടായിരുന്നു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.