കോഴിക്കോട്: പുതുവത്സരാഘോഷത്തിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കെട്ടിടത്തിന്റെ ടെറസിൽനിന്ന് തള്ളിയിട്ടു കൊന്ന സംഭവത്തിൽ യുവാവ് പിടിയിൽ. വേങ്ങേരി തടമ്പാട്ടുതാഴം കല്ലുട്ടിവയൽ അബ്ദുൽ മജീദ് (60) കൊല്ലപ്പെട്ട സംഭവത്തിലാണ് സുഹൃത്തായ വേങ്ങേരി വഴിപോക്ക് നിലം വീട്ടിൽ അരുണിനെ (ലാലു 40) ചേവായൂർ പൊലീസ് ഇൻസ്പെക്ടർ കെ.കെ. ആഗേഷ് അറസ്റ്റ് ചെയ്തത്.
പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൽ മജീദ് വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. കോണിപ്പടിയിൽനിന്ന് വീണു പരിക്കേറ്റെന്നുപറഞ്ഞാണ് മജീദിനെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പുതുവത്സര തലേന്ന് ആൾത്താമസമില്ലാത്ത കെട്ടിടത്തിന്റെ മുകളിലിരുന്ന് ഇരുപതോളം പേരടങ്ങുന്ന സംഘം ആഘോഷം നടത്തിയിരുന്നു. പത്തുമണിയോടെ മജീദും അരുണും ഉൾപ്പെടെ ആറുപേർ മാത്രമായി. വിഹിതമെടുത്ത് കേക്ക് വാങ്ങുന്നത് സംബന്ധിച്ച് മജീദും അരുണും തമ്മിൽ തർക്കമുണ്ടായി. പലതവണ തർക്കമുണ്ടായെങ്കിലും മറ്റു നാലുപേരും കൂടി പിടിച്ചുമാറ്റി.
കൂട്ടത്തിലുണ്ടായിരുന്ന സുഹൃത്തിനെ ചവിട്ടി അരുൺ മജീദിനെ ടെറസിനു മുകളിൽനിന്ന് തള്ളിയിടുകയായിരുന്നു. അബ്ദുൽ മജീദിന്റെ ശരീരത്തിന് പുറത്ത് കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നില്ല. തുടർന്ന് ഇയാളെ കൃത്യം നടന്ന വീടിനകത്താക്കി അരുൺ ഇവിടെനിന്ന് കടന്നു. തൊട്ടടുത്ത ദിവസം രാവിലെയാണ് അബ്ദുൽ മജീദിനെ ആശുപത്രിയിലെത്തിച്ചത്.
ആന്തരിക അവയവങ്ങൾക്ക് സംഭവിച്ച പരിക്ക് മൂലം അബ്ദുൽ മജീദ് മരിക്കുകയായിരുന്നു. സ്വകാര്യ ട്യൂഷൻ സെന്ററിലെ ഡ്രൈവറായ അരുൺ ഒളിവിലായിരുന്നു. മജീദിന്റെ മകൾ അപകടത്തിൽ സംശയം പ്രകടിപ്പിച്ചതോടെ ഇൻസ്പെക്ടർ കെ.കെ. ആഗേഷ്, എസ്.ഐ നിമിൻ എസ്. ദിവാകർ എന്നിവർ അരുൺ ജോലി ചെയ്യുന്ന എരഞ്ഞിപ്പാലത്തെ സ്ഥാപനത്തിലെത്തി കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് മൂന്നു ദിവസമായി അവധിയിലാണെന്ന് മനസ്സിലായത്.
പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലുമാണ് മജീദിനെ പ്രവേശിപ്പിച്ചത്. അരുണിനെതിരെ കൊലക്കുറ്റം ചുമത്തി. ഇയാൾക്കെതിരെ മുമ്പും കേസുകൾ ഉണ്ടെന്ന് ചേവായൂർ പൊലീസ് പറഞ്ഞു. മരംവെട്ട് തൊഴിലാളിയായിരുന്നു മരിച്ച അബ്ദുൽ മജീദ്.