കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗരമെന്ന ഖ്യാതി ഉയർത്തിപ്പിടിച്ച് ഫിലിം ഫെസ്റ്റിനൊരുങ്ങി കോഴിക്കോട് കോർപറേഷൻ.ജനുവരി അഞ്ചു മുതൽ 11വരെ ശ്രീ തിയറ്ററിലാണ് ചലച്ചിത്ര മേള. ‘കോക്കോ ഫിലിം ഫെസ്റ്റ്’ എന്നപേരിൽ നടക്കുന്ന മേളയിൽ കോഴിക്കോട്ടുകാർ സാഹിത്യ, സാംസ്കാരിക, അഭിനയ രംഗത്ത് മുഖമുദ്ര പതിപ്പിച്ച ചിത്രങ്ങളോടൊപ്പം കേരളത്തിന്റെ അന്താരാഷ്ട ചലച്ചിത്രോത്സവത്തിൽ സമ്മാനിതമായ മികച്ച ചിത്രങ്ങളും പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമായിരിക്കും. സാഹിത്യത്തിന്റെ സമ്പന്നതയും സിനിമയുടെ മാജിക്കും കലരുന്നതായിരിക്കും ആറു ദിവസം നീണ്ടുനിൽക്കുന്ന മേളയെന്ന് മേയർ ഡോ. ബീന ഫിലിപ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോഴിക്കോട്ടെ ചലച്ചിത്ര പ്രവർത്തകരുടെയും കോഴിക്കോടുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട ചലച്ചിത്രങ്ങളുമായിരിക്കും പ്രദർശിപ്പിക്കുക. സാഹിത്യവും സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഓപൺ ഫോറം ചർച്ച മേളയുടെ ഭാഗമായി നടക്കും. ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്. ശ്രീ തിയറ്ററിൽ മൂന്ന് സിനിമകളുടെ പ്രദർശനവും വൈകീട്ട് ഓപൺ ഫോറവും നടക്കും. എം.ടിയുടെ നാല് സിനിമകളും ഹരിഹരന്റെയും രഞ്ജിത്തിന്റെയും സിനിമകളും പ്രദർശിപ്പിക്കും.
ലോക സിനിമ വിഭാഗത്തിൽ ചലച്ചിത്ര അക്കാദമിക്ക് പ്രദർശനാനുമതിയുള്ള സിനിമകളാണ് പ്രദർശിപ്പിക്കുക. അഞ്ചിന് വൈകീട്ട് ഉദ്ഘാടനം നടക്കും. 11ന് നടക്കുന്ന സമാപനസമ്മേളനം ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്യും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് ഓരോ സിനിമയും കാണാൻ അവസരം ലഭിക്കുക. രജിസ്റ്റർ ചെയ്യാൻ www.kocofilmfest.eventupdates.online സന്ദർശിക്കുക. വാർത്തസമ്മേളനത്തിൽ ടൗൺ പ്ലാനിങ് കമ്മിറ്റി ചെയർപേഴ്സൻ കൃഷ്ണകുമാരി, കെ.ജെ. തോമസ് എന്നിവരും പങ്കെടുത്തു