ബാലുശ്ശേരി: കരിയാത്തുംപാറ-തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രം പാതയോരത്ത് സംരക്ഷണ വേലി നിർമിക്കാത്തത് അപകട ഭീഷണിയാകുന്നു. കരിയാത്തുംപാറ-തോണിക്കടവ് റോഡിൽ കരിയാത്തുംപാറ ബീച്ച് മുതൽ തോണിക്കടവ് വരെയുള്ള ഒരു കിലോമീറ്ററോളം മേഖലയിലാണ് പാതയോരത്ത് ഒരു സംരക്ഷണ വേലിയുമില്ലാത്തത്. റോഡിൽ പല ഭാഗങ്ങളിലും ഇവിടെ വീതി കുറവായതിനാൽ എതിർദിശയിൽനിന്നും വരുന്ന വാഹനങ്ങൾക്ക് പരസ്പരം കടന്നുപോകാനും പ്രയാസമാണ്.
വളവും ഇറക്കവുമുള്ള റോഡിനോടു ചേർന്ന ഭാഗത്ത് 40 അടിയോളം താഴ്ചയിൽ റിസർവോയറാണ്. ഒഴിവുദിവസങ്ങളിൽ ആയിരക്കണക്കിനു ടൂറിസ്റ്റുകൾ എത്തുന്ന കരിയാത്തുംപാറയിൽ ഗതാഗതക്കുരുക്കും പതിവാണ്.
റോഡരികിൽ സുരക്ഷ മതിൽ നിർമിച്ചാൽ അപകട ഭീഷണി തടയാൻ കഴിയും. ജില്ല പഞ്ചായത്തിനു കീഴിലുള്ള റോഡിന്റെ റീടാറിങ്ങിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. സന്ദർശകരുടെ ബാഹുല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷവേലി അടിയന്തരമായി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.