ഉള്ള്യേരി: പി.എസ്.സി പരീക്ഷ കേന്ദ്രം മാറി, ധിറുതിയിൽ സ്കൂട്ടറിന്റെ ചാവി ഡിക്കിയിൽ വെച്ച് അടച്ചു, ഓട്ടോറിക്ഷ വിളിച്ചു പരീക്ഷ കേന്ദ്രത്തിലെത്തി, ഇവിടെ എത്തിയപ്പോൾ ഐ.ഡി പ്രൂഫായ ആധാർകാർഡ് സ്കൂട്ടറിന്റെ ഡിക്കിക്കുള്ളിലും. പി.എസ്.സി പരീക്ഷ ആരംഭിക്കാൻ മിനിറ്റുകൾ മാത്രം. തൊട്ടതെല്ലാം പാളിപ്പോയ നിമിഷം. അവിടെ യഥാർഥ രക്ഷകരായി എത്തിയത് അഗ്നിരക്ഷ സേന സംഘവും. കഴിഞ്ഞ ദിവസം ഫാറൂഖ് വെസ്റ്റ് നല്ലൂർ പാറയിൽ വീട്ടിൽ റിൻസിയുടെ അരമണിക്കൂറിനുള്ളിൽ നടന്ന സംഭവങ്ങളാണ് ഇവ. ഈ ഒരു നിമിഷത്തിൽ അഗ്നിരക്ഷ സേനയുടെ വാഹനത്തിന് കൈകാണിക്കാൻ തോന്നിയത് എങ്ങനെയെന്ന് റിൻസിക്കിപ്പോഴും അറിയില്ല. ഒരു പക്ഷേ, അങ്ങനെ ചെയ്തിരുന്നില്ലെങ്കിൽ കോഴിക്കോട് ചാലപ്പുറം ഗണപത് ബോയ്സ് ഹൈസ്കൂളിലെ കെ.ടെറ്റ് പരീക്ഷാ സെന്ററിൽനിന്നും അവൾക്ക് കണ്ണീരോടെ മടങ്ങേണ്ടി വരുമായിരുന്നു.
ഗണപത് ബോയ്സിൽ പരീക്ഷ എഴുതേണ്ട റിൻസി എത്തിയത് തൊട്ടടുത്ത ഗണപത് ഗേൾസിൽ. ഹാൾ ടിക്കറ്റും പേനയുമെടുത്ത് ബാഗ് ഇരുചക്രവാഹനത്തിന്റെ ഡിക്കിയിലിട്ട് അടക്കുന്നതിനിടെ വണ്ടിയുടെ താക്കോൽ ബാഗിനകത്ത് അറിയാതെ വെച്ചുപോയി. ചാലപ്പുറം ഗേൾസിൽ പരീക്ഷാ റൂം നോക്കിയപ്പോഴാണ് സെന്റർ തൊട്ടടുത്ത ഗണപത് ബോയ്സ് ആണന്ന് മനസ്സിലായത്. താക്കോൽ വണ്ടിക്കകത്തായതോടെ ഓട്ടോ വിളിച്ച് ഗണപത് ബോയ്സിലെ പരീക്ഷ റൂമിൽ. ഇവിടെ എത്തിയപ്പോഴാണ് ഐ.ഡി പ്രൂഫായ ആധാർ കാർഡ് വണ്ടിക്കകത്തായിപ്പോയ കാര്യം ഓർമവന്നത്. ഐ.ഡി. പ്രൂഫ് ഇല്ലാത്തതിനാൽ പത്തരക്കുള്ളിൽ ഐ.ഡി എടുത്തു വരാൻ ഇൻവിജിലേറ്ററുടെ നിർദേശം. അപ്പോൾ സമയം പത്തുമണി. ഐ.ഡി ഇല്ലാത്തതിനാൽ പരീക്ഷ എഴുതാനാവാത്ത അവസ്ഥയിൽ റിൻസി പരീക്ഷ റൂമിൽനിന്നിറങ്ങി. വർക്ക്ഷോപ്പുകൾ നോക്കിയെങ്കിലും അടുത്തൊന്നുമില്ല.
വെപ്രാളപ്പെട്ട് നടക്കുന്നതിനിടെയാണ് മീഞ്ചന്തയിൽനിന്നും ബീച്ച് ഓഫിസിലേക്ക് പോവുകയായിരുന്ന അഗ്നിരക്ഷാ സേന സംഘത്തിന്റെ ജീപ്പ് ശ്രദ്ധയിൽ പെട്ടത്. രണ്ടും കല്പിച്ച് ജീപ്പിന് കൈകാണിച്ചു സഹായമഭ്യർഥിച്ചു. പിന്നീട് എല്ലാം ശര വേഗത്തിലായിരുന്നു. മെക്കാനിക്കിനെ കൂട്ടാൻ ജീപ്പ് ബീച്ചിലേക്ക് കുതിച്ചു. അഴിച്ചെടുക്കാൻ സമയമെടുക്കുമെന്ന് മെക്കാനിക്കിന്റെ മറുപടി. പരീക്ഷാഹാളിലേക്കുള്ള പ്രവേശനത്തിന് മിനിറ്റുകൾമാത്രം ബാക്കിയും. വാഹനം നേരെ ചാലപ്പുറം ഗേൾസിലേക്ക്. ഇരുചക്രവാഹനത്തിന്റെ സീറ്റ് പൊളിച്ച് ബാഗിൽ നിന്നും ഐ.ഡി പ്രൂഫായ ആധാർ കാർഡ് എടുത്ത് റിൻസിക്ക് നൽകുക മാത്രമല്ല അവളെ ചാലപ്പുറം ഗണപത് ബോയ്സ് ഹൈസ്കൂളിന് മുന്നിൽ ഇറക്കിക്കൊടുക്കുകയും ചെയ്തു ഫയർഫോഴ്സ് സംഘം.
പത്തരക്ക് റൂമിലെത്തിയ റിൻസി പരീക്ഷ എഴുതുകയും ചെയ്തു. പരീക്ഷ കഴിഞ്ഞപ്പോൾ ദൈവദൂതന്മാരെപ്പോലെ മുന്നിലെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാർക്കു വേണ്ടി പ്രാർഥിച്ചാണ് റിൻസി സ്കൂൾ വിട്ടത്. അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ ജോയ് അബ്രഹാം, നിധിൻ, ഹോം ഗാർഡ് വിശ്വംഭരൻ എന്നിവരാണ് റിൻസിക്ക് തുണയായത്.