ഫറോക്ക്: കോളജ് വിദ്യാർഥികൾക്ക് വിൽപനക്ക് കൊണ്ടുവന്ന 4.78 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം പെരിങ്ങാവ് പാറമ്മൽ അരിക്കുംപുറത്ത് വീട്ടിൽ മുഹമ്മദ് ഷഫീറിനെയാണ് (27) ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്) ഫറോക്ക് പൊലീസും ചേർന്നു പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിദ്യാർഥികളെ ലക്ഷ്യമിട്ട് ഫാറൂഖ് കോളജ് പരിസരത്ത് ലഹരിമാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി കമീഷണർ കെ.ഇ. ബൈജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർകോട്ടിക് സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ കോളജിനു സമീപം പ്രവർത്തിക്കുന്ന സ്പോട് കഫേയുടെ മറവിൽ ഷഫീർ വൻതോതിൽ ലഹരിമരുന്നു കച്ചവടം നടത്തുന്നുണ്ടെന്നു കണ്ടെത്തി. തുടർന്ന് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് എം.ഡി.എം.എയുമായി കൈയോടെ പിടികൂടിയത്.
ഡാൻസാഫ് എസ്.ഐ മനോജ്, ഫറോക്ക് എസ്.ഐമാരായ എസ്. അനൂപ്, ടി.പി. ബാവ, രഞ്ജിത്ത്, എ.എസ്.ഐ പി. അബ്ദുറഹ്മാൻ, സീനിയർ സി.പി.ഒ കെ. അഖിലേഷ്, സി.പി.ഒമാരായ അനീഷ് മൂസാൻവീട്, അർജുൻ അജിത്, എം. രഞ്ജിത്ത്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.