നടുവണ്ണൂർ: സാഹിത്യ നഗരമെന്ന പദവിക്കുശേഷം കോഴിക്കോടിന് വീണ്ടും യുനെസ്കോയുടെ അംഗീകാരം. ഏഷ്യ-പസിഫിക് മേഖലയിലെ മികച്ച സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്കോ അവാർഡ് കോഴിക്കോട് ജില്ലയിലെ കരുവണ്ണൂർ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണികാര മണ്ഡപത്തിന്റെ പുനരുദ്ധാരണത്തിന് ലഭിച്ചു.
നൂറ്റാണ്ടുകൾ പഴക്കമുള്ള പതിനാറുകാൽ മണ്ഡപത്തിന്റെ പഴമക്ക് മാറ്റം വരുത്താതെ നടത്തിയ പുനർനിർമാണത്തിനാണ് അംഗീകാരം. ഏഷ്യ-പസിഫിക് മേഖലയിലെ 12 പദ്ധതികളാണ് പുരസ്കാരത്തിനായി യുനെസ്കോ പരിഗണിച്ചത്. ഇതിൽ ചൈനയിൽ നിന്നുള്ള രണ്ടു പദ്ധതികളടക്കമുള്ള വിഭാഗത്തിലാണ് കുന്ദമംഗലം ക്ഷേത്രം ഉൾപ്പെട്ടത്.
ഇന്ത്യയിൽനിന്ന് പഞ്ചാബിലെയും സിക്കിമിലെയും പദ്ധതികളും മറ്റു വിഭാഗങ്ങളിൽ പുരസ്കാരത്തിന് പരിഗണിച്ചിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലെ അമ്പലത്തിന്റെ പുനരുദ്ധാരണത്തിന് 2020ലും തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിലെ പ്രവൃത്തികൾക്ക് 2015ലും ഈ പുരസ്കാരം കേരളത്തിലെത്തിയിട്ടുണ്ട്.
ആർക്കൈവൽ ആൻഡ് റിസർച് പ്രോജക്ട് (ആർപ്പോ) എന്ന സന്നദ്ധ സംഘടനയാണ് കുന്ദമംഗലം ഭഗവതി ക്ഷേത്ര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലെ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെപ്പറ്റി ആർപ്പോയിലെ അംഗങ്ങൾ കാമ ആയുർവേദ എന്ന അന്താരാഷ്ട്ര കമ്പനിയുടെ സ്ഥാപകൻ വിവേക് സാഹ്നിയെ അറിയിച്ചപ്പോൾ അദ്ദേഹം പുനരുദ്ധാരണ ചെലവിൽ വലിയൊരു പങ്കുവഹിക്കാൻ തയാറായി. ഇഴ ഹെറിറ്റേജ് ആർക്കിടെക്ട് ഗ്രൂപ്പിലെ സവിത രാജൻ, സ്വാതി സുബ്രഹ്മണ്യൻ, റീതു തോമസ് എന്നിവരാണ് പുനരുദ്ധാരണത്തിന് മേൽനോട്ടം വഹിച്ചത്.
തകർന്നുവീഴാറായ മണ്ഡപം അളവിലോ തൂണിന്റെ എണ്ണത്തിലോ മാറ്റം വരുത്താതെയാണ് രണ്ടരമാസം കൊണ്ട് പുനർനിർമിച്ചത്. മരം, കുമ്മായം, ആയുർവേദ എണ്ണകൾ എന്നിവ ഉപയോഗിച്ച് പാരമ്പര്യ രീതിയിലാണ് ചെയ്തത്. കളമെഴുത്തുപാട്ടാണ് മണ്ഡപത്തിൽ നടക്കാറ്.