പേരാമ്പ്ര: ഏകാധ്യാപക വിദ്യാലയമെന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, ഏകവിദ്യാർഥി വിദ്യാലയമെന്ന് കേൾക്കുന്നത് അപൂർവമാണ്. ഈ അപൂർവതയാണ് ഓണാവധി കഴിഞ്ഞ് തുറക്കുന്ന പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്കൂളിനെ കാത്തിരിക്കുന്നത്. കുട്ടികളെക്കാൾ കൂടുതൽ അധ്യാപകരുള്ള സ്കൂൾ എന്ന വിശേഷണവും വിദ്യാലയത്തെ തേടിയെത്തി. അധ്യയന വർഷമാദ്യം ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ നാല് വിദ്യാർഥികൾ ഉണ്ടായിരുന്നു. സെപ്റ്റംബർ ആദ്യം രണ്ടിലെയും നാലിലെയും ഓരോ കുട്ടി വീതം ടി.സി വാങ്ങിയതോടെ ഒന്നിലും മൂന്നിലും ഓരോ കുട്ടികൾ മാത്രമായി. ഒരാഴ്ച മുമ്പ് പേരാമ്പ്ര ചേർമല സാംബവ കോളനിയിലെ അരുൺ-ഗോപിക ദമ്പതികളുടെ മകളും ഒന്നാം ക്ലാസുകാരിയുമായ മിയ ടി.സി വാങ്ങിയതോടെ വിദ്യാലയത്തിൽ പ്രധാനാധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരും ഒരു വിദ്യാർഥിയുമായി. കുട്ടിക്ക് ക്ലാസിൽ ഒറ്റക്കിരുന്ന് പഠിക്കാനുള്ള പ്രയാസംകൊണ്ടാണ് രക്ഷിതാക്കൾ ടി.സി വാങ്ങിയത്.
മൂന്നു പതിറ്റാണ്ടായി ചേർമല സാംബവ കോളനിയിലെ കുട്ടികൾ മാത്രമാണ് ഇവിടെ പഠനം നടത്തുന്നത്. ഈ വിദ്യാലയത്തോടുള്ള അയിത്തം 10 വർഷം മുമ്പ് ‘മാധ്യമ’മാണ് പുറംലോകത്തെത്തിച്ചത്. ഇവിടത്തെ ജാതി വിവേചനം അവസാനിപ്പിക്കാൻ ശാസ്ത്രസാഹിത്യ പരിഷത്തും ചേർമല വികസന സമിതിയും നിരന്തരം ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 2019ലും 2020ലും കെ.എസ്.ടി.എം അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ഇതര സമുദായത്തിലെ ആറ് കുട്ടികളെ ചേർത്ത് മാറ്റത്തിന് തുടക്കം കുറിച്ചു. 2022ൽ പേരാമ്പ്ര എ.ഇ.ഒ ഓഫിസിലെ രണ്ട് ക്ലർക്കുമാർ തങ്ങളുടെ കുട്ടികളെ ഇവിടെ ചേർത്തു പഠിപ്പിച്ചു. എന്നാൽ, ഇവരെല്ലാം പഠനം പൂർത്തിയാക്കി പോയപ്പോൾ വീണ്ടും കോളനിയിലെ കുട്ടികൾ മാത്രമായി. ഇനി വിദ്യാലയത്തിൽ ബാക്കിയുള്ളത് ചേർമല കോളനിയിലെ രാജേഷ് -വിൻജിത ദമ്പതികളുടെ മകൾ വിനിഗ മാത്രമാണ്. ഈ കുട്ടി മാത്രം തുടരുമോ എന്ന സംശയവും ബാക്കിയാണ്.
1957ൽ ആരംഭിച്ച പേരാമ്പ്ര ഗവ. വെൽഫെയർ സ്കൂളിൽ മികച്ച കെട്ടിടം, സ്മാർട്ട് ക്ലാസ് റൂം, സ്ഥിരം അധ്യാപകർ, കളിക്കാൻ പാർക്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്. 1975 -76 കാലത്ത് 50 കുട്ടികൾ വരെ പഠിച്ചിരുന്ന സ്കൂളിൽ ഇതര സമുദായ വിദ്യാർഥികളും ഉണ്ടായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തോടെ കുട്ടികൾ കുറയുകയും പറയ കുട്ടികളിൽ മാത്രമായി പരിമിതപ്പെടുകയുമായിരുന്നു.
ഇതര വിദ്യാർഥികളെ പ്രവേശിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ട സ്ഥിതിക്ക് വിദ്യാലയം അടച്ചുപൂട്ടുന്നതാണ് ഉചിതം. കോളനിയിലെ കുട്ടികൾക്ക് മറ്റ് സ്കൂളിൽ പ്രവേശനം നേടി മറ്റ് വിദ്യാർഥികളുടെ കൂടെ പഠിക്കാനും സാധിക്കും.