കോഴിക്കോട് എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ലെന്ന് കോഴിക്കോട് ബീച്ചിൽ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ദീർഘകാലത്തെ ആവശ്യമാണത്. ആരോഗ്യരംഗത്തെ നമ്മുടെ നേട്ടങ്ങൾ നോക്കുമ്പോൾ അത് ആരും അംഗീകരിക്കും. ഓരോ കൊല്ലവും ഇതാ കിട്ടിയെന്ന് തോന്നുമെങ്കിലും കേരളത്തിന് പ്രഖ്യാപിക്കില്ല. ഇതുപോലെ നാടിന് പ്രതികൂലമായ അനേകം നിലപാട് കേന്ദ്രമെടുത്തു. ഇപ്പോൾ എതിർ നിലപാടുകളുടെ മൂർധന്യതയിലാണ്. ഇതിനെതിരെ ജനങ്ങൾക്കൊപ്പം തുറന്നെതിർക്കാൻ പ്രതിപക്ഷം തയാറാകുന്നില്ല. കേരളം മുന്നോട്ടുവെക്കുന്ന ബദൽ, മതേതര നിലപാടാണ് കേന്ദ്രത്തെ ചൊടിപ്പിക്കുന്നത്. സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനവുമാണ് വേണ്ടത്. അധികാരവും ധനവുമുള്ള പ്രാദേശിക സർക്കാറാണ് ആവശ്യം. എന്നാൽ, സംസ്ഥാന സർക്കാറിന്റെ അധികാരമടക്കം കേന്ദ്രം കവരാനാണ് നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റേഷൻ കടകളുടെ മുഖച്ഛായ മാറ്റാൻ സാധിച്ചതായി മന്ത്രി ജി.ആർ. അനിലും നവകേരള സദസ്സിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ നിവേദനങ്ങളിലും സർക്കാറിന്റെ ശ്രദ്ധയെത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. ഹൃദയ ശൂന്യമായ പ്രതിപക്ഷവും ഹൃദയമുള്ള സർക്കാറുമാണുള്ളതെന്നും അതിന്റെ ഉദാഹരണമാണ് സർക്കാർ ഹെലികോപ്റ്റർ വാടകക്കെടുത്തത് തടയാൻ നോക്കിയതെന്നും മന്ത്രി എം.ബി. രാജേഷും പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിൽ ഹൃദയം എത്തിച്ചത്, ഹെലികോപ്റ്ററിനെ എതിർത്ത മാധ്യമങ്ങൾക്കുതന്നെ വാർത്തയാക്കേണ്ടിവന്നെന്നും മന്ത്രി പറഞ്ഞു.