പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ മുക്കം നഗരസഭ യോഗത്തിൽ കൗൺസിലർമാർ പ്രതിഷേധിക്കുന്നു
മുക്കം: തോട്ടംതൊഴിലാളി സമരം പരിഹരിക്കുന്നതിന് വകുപ്പ് മന്ത്രി ഇടപെടണമെന്ന പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ മുക്കം നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങളുടെ പ്രതിഷേധം. നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമായി പ്രവർത്തിക്കുന്ന തിരുവമ്പാടി റബർ കമ്പനിയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാനൂറോളം തൊഴിലാളികൾ കഴിഞ്ഞ രണ്ട് മാസത്തിലധികമായി സമരത്തിലാണ്.
തൊഴിലാളികൾ പട്ടിണിയിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് പ്രശ്നത്തിൽ വകുപ്പ് മന്ത്രി ഇടപെട്ട് പരിഹാരശ്രമങ്ങൾ നടത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കൗൺസിലർ അബ്ദുൽ ഗഫൂർ, ലീഗ് കൗൺസിലർ എം.കെ. യാസിർ എന്നിവർ ചേർന്ന് പ്രമേയം കൊണ്ടുവന്നത്.
പ്രമേയത്തിന് നഗരസഭ ചെയർമാൻ അനുമതി നിഷേധിച്ചതോടെ യു.ഡി.എഫ്- വെൽഫെയർ പാർട്ടി- ബി.ജെ.പി കൗൺസിലർമാർ ഒന്നടങ്കം മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തന്നോട് കൂടിയാലോചിക്കാതെ കൊണ്ടുവന്ന പ്രമേയത്തിന് അനുമതി നൽകാൻ പറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചെയർമാൻ അനുമതി നിഷേധിച്ചതെന്നും മൂന്നാഴ്ച മുമ്പ് പ്രമേയത്തിന് അപേക്ഷിച്ചിരുന്നെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.
തൊഴിലാളിപക്ഷത്ത് നിൽക്കേണ്ടതിന് പകരം ചെയർമാനും ഭരണപക്ഷവും എസ്റ്റേറ്റ് മുതലാളിമാരെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അവർ പറഞ്ഞു. വേണു കല്ലുരുട്ടി, ഗഫൂർ മാസ്റ്റർ, എം.കെ. യാസർ, വേണുഗോപാലൻ, ഗഫൂർ കല്ലുരുട്ടി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നല്കി.
അതേസമയം, കൗൺസിലർമാർ നല്കിയ പ്രമേയം നഗരസഭയുമായി ബന്ധപ്പെട്ട കാര്യമല്ലാത്തതിനാൽ അജണ്ടയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നാണ് അനുമതി നിഷേധിച്ചതെന്നും തൊഴിലാളിസമരത്തെ പിന്തുണക്കുമെന്നും നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.