
വടകര: ദേശീയപാത അടക്കാത്തെരു ജങ്ഷനിൽ ബസ് ജീവനക്കാരും പിക്അപ് ഡ്രൈവറും തമ്മിൽ സംഘർഷം. ഡ്രൈവറോടൊപ്പം പിക്അപ്പിലെ യാത്രക്കാരായ മറ്റു നാലു പേർകൂടി ചേർന്നതോടെ പരക്കെ സംഘർഷമായി. തലശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ചീറ്റപ്പുലി എന്ന സ്വകാര്യ ബസ് പെരുവാട്ടിൻ താഴയിൽ വെച്ച് ഇതേ ദിശയിൽനിന്ന് വന്ന പിക്അപ്പിനെ മറികടക്കുന്നതിനിടയിൽ പിക്അപ്പിന് ഇടിക്കുകയും നിർത്താതെ പോകുകയും ചെയ്തു.
ബസിനെ പിന്തുടർന്ന് അടക്കാത്തെരു ജങ്ഷനിൽ വെച്ച് പിക്അപ് ഡ്രൈവർ പിടികൂടി. ഇതിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിനിടയിൽ പിക്അപ് ഡ്രൈവറെ ബസ് ജീവനക്കാർ അടിച്ചു പരിക്കേൽപിച്ചു.
തലക്ക് പരിക്കേറ്റ ഇയാൾ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷത്തെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെ ദേശീയപാതയിൽ ഏറെനേരം ഗതാഗത തടസ്സവും ഉണ്ടായി. ഇതോടെ ബസ് ജീവനക്കാരിൽ ഒരാളെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹന ഗതാഗതം തടസ്സപ്പെടുത്തി പൊതു റോഡിൽ സംഘർഷം ഉണ്ടാക്കിയതിന് ബസ് ജീവനക്കാരായ മൂന്നു പേർക്കെതിരെയും പിക്അപ്പിൽ ഉണ്ടായിരുന്ന അഞ്ചു പേർക്കെതിരെയും പൊലീസ് സ്വമേധയാ കേസെടുത്തു.