കൊയിലാണ്ടി: നഗരത്തിൽ ചൊവ്വാഴ്ച രാത്രി എക്സൈസുകാരെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ലഹരിമാഫിയ സംഘത്തിലെ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. മേലൂർ കുറ്റിയിൽ നിമേഷ് (24), ചെങ്ങോട്ടുകാവ് മാടാക്കര മാളിയേക്കൽ മുർഷിദ് (26), പെരുവെട്ടൂർ തുന്നാത്ത് താഴ യാസർ (29) എന്നിവരാണ് അറസ്റ്റിലായത്.
ലഹരിവസ്തുക്കൾ വിൽക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നഗരത്തിലെ കെട്ടിടത്തിൽ പരിശോധനക്കെത്തിയപ്പോഴാണ് എക്സൈസ് സംഘത്തിനുനേരെ ആക്രമണമുണ്ടായത്. എക്സൈസ് ഇൻസ്പെക്ടർ എ.പി. ദീപേഷ്, പ്രിവന്റിവ് ഓഫിസർ സജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എ.കെ. രതീശൻ, രാഗേഷ് എന്നിവരെയാണ് ആക്രമിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനുനേരെയും ഇവർ തിരിഞ്ഞു. സി.ഐ ബിജു, എസ്.ഐ അനീഷ് വടക്കയിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ജൂലൈ 14ന് പെരുവെട്ടൂരിലും എക്സൈസിനുനേരെ ആക്രമണം നടന്നിരുന്നു. വാടകവീട്ടിൽ താമസിക്കുന്ന മൊയ്തീനെന്നയാൾ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.