വടകര: നിർമാണം പൂർത്തിയായ മാഹി ബൈപാസ് തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാവുന്നു. രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമിച്ച പാത മാർച്ചോടെ കമീഷൻ ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ദേശീയപാത അതോറിറ്റി ഉരുണ്ടുകളിക്കുകയാണ്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്താനായിരുന്നു നീക്കം. എന്നാൽ, തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുന്നതിനാൽ ശ്രമം പരാജയപ്പെട്ടതാണ് ഉദ്ഘാടനത്തെ ബാധിച്ചതെന്നാണ് പറയപ്പെടുന്നത്.
ബൈപാസ് നിർമാണം കേന്ദ്ര സർക്കാറിന്റെ വിജയമായി ഉയർത്തിക്കാട്ടുമ്പോൾ സംസ്ഥാന സർക്കാറിന്റെ മികച്ച നേട്ടമാണെന്ന വാദവും നിലനിൽക്കുന്നുണ്ട്. ഇരു കക്ഷികളും തമ്മിലുള്ള ശീതസമരവും ഉദ്ഘാടനം വൈകാനിടയാക്കുന്നുണ്ട്. മാഹിയിലെ ഒഴിയാക്കുരുക്ക് വർഷങ്ങളായി ദേശീയപാതയുടെ ശാപമായി മാറിയിട്ട്. പാത തുറന്നുകൊടുത്താൽ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവും. ഉദ്ഘാടനം വൈകുകയാണെങ്കിൽ താൽക്കാലികമായി തുറന്നുകൊടുത്താൽ ആശ്വാസമാകുമെങ്കിലും നടപടികളുണ്ടാവുന്നില്ല. ഉദ്ഘാടനം സംബന്ധിച്ച് അധികൃതരുടെ പ്രതികരണം ലഭ്യമല്ല. പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാലേ ഉദ്ഘാടനം പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നാണ് സൂചന.
2017 ഡിസംബർ നാലിനാണ് ബൈപാസ് നിർമാണ ജോലികൾ തുടങ്ങിയത്. കരാര്‍ വ്യവസ്ഥപ്രകാരം 2020 മേയ് 31ന് പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടിയിരുന്നു. എന്നാൽ, മൂന്നു വർഷത്തോളം അധികമായി നീളുകയുണ്ടായി. നീണ്ട കാത്തിരിപ്പിനുശേഷം പാത പൂർത്തിയായെങ്കിലും ഉദ്ഘാടനം നീളുന്നത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്. അഴിയൂർ കാരോത്ത് റെയിൽവേ മേൽപാലത്തിന്റെ പ്രവൃത്തിക്ക് റെയിൽവേ അനുമതി വൈകിയതാണ് സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കാൻ വൈകിയത്.
കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാടു നിന്നാരംഭിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ അവസാനിക്കുന്ന 18.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ബൈപാസ്. 18 പ്രധാന ജങ്ഷനും ഇരുഭാഗത്തുമായി 5.5 മീറ്റര്‍ വീതിയില്‍ സര്‍വിസ് റോഡുമുള്ള പാത മുഴപ്പിലങ്ങാട്, ധര്‍മടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി വഴിയാണ് കടന്നുപോകുന്നത്.