ഉള്ള്യേരി: പാലോറ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകരെ നിയമിക്കാത്ത മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നേതൃത്വത്തിൽ വിദ്യാർഥികൾ പഠിപ്പു മുടക്കി.
സ്കൂൾ തുറന്ന് മൂന്നു മാസം കഴിഞ്ഞിട്ടും ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപകനെ നിയമിച്ചില്ല. നിലവിലുണ്ടായിരുന്ന അധ്യാപകൻ മാർച്ച് മാസത്തിൽ സർവിസിൽനിന്ന് വിരമിച്ചിരുന്നു.
പ്ലസ് വൺ, പ്ലസ്ടു വിഭാഗങ്ങളിൽ സയൻസ് ബാച്ചുകളിൽ 366 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഓണപ്പരീക്ഷക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കെമിസ്ട്രിയുടെ പാഠഭാഗങ്ങൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല.
ഓണപ്പരീക്ഷ എങ്ങനെ എഴുതും എന്ന ആശങ്കയിലാണ് വിദ്യാർഥികൾ. ദിവസവേതനാടിസ്ഥാനത്തിൽപോലും അധ്യാപകരെ നിയമിക്കാൻ മാനേജ്മെന്റ് തയാറാവുന്നില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
പഠിപ്പുമുടക്കിനു ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ യൂനിറ്റ് പ്രസിഡന്റ് ആർ.എസ്. അഭിനവ് അധ്യക്ഷത വഹിച്ചു. അൽത്താഫ്, സിനാൻ എന്നിവർ സംസാരിച്ചു.