കുറ്റ്യാടി: ടൗണിലെ പഴയ ഓവുകൾ പൊളിച്ച കല്ലുകളും മണ്ണും കോൺക്രീറ്റ് വസ്തുക്കളും തള്ളിയത് സ്കൂൾവളപ്പിൽ. ആയിരത്തിയഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന എം.ഐ.യു.പി സ്കൂളിന്റെ കളിസ്ഥലം കൂടിയായ പറമ്പിലാണ് മുഴുവൻ വസ്തുക്കളും കുന്നുകൂടിക്കിടക്കുന്നത്. പഞ്ചായത്തിന്റെ ഒഴിഞ്ഞ സ്ഥലങ്ങൾ വേറെയുണ്ടായിട്ടും സ്കൂൾ കുട്ടികളുടെ വഴിപോലും തടസ്സപ്പെടുമാറ് മാലിന്യങ്ങൾ കൂട്ടിയിട്ടതിൽ രക്ഷിതാക്കൾക്ക് പ്രതിഷേധമുണ്ട്.
നിരന്തരം ടിപ്പറുകളും ലോറികളും കയറിയിറങ്ങുന്നതിനാൽ വയൽ പ്രദേശമായ സ്ഥലം ഉഴുതുമറിച്ച പോലെയായിട്ടുണ്ട്. വയനാട് റോഡിലെ ഓവുജലം കടന്നു പോകാൻ സ്കൂൾ വളപ്പിലൂടെയും ഓവ് നിർമിച്ചിട്ടുണ്ട്. ഈ പണി പൂർത്തിയായിട്ടും മാലിന്യങ്ങൾ നീക്കുന്നില്ല. വയനാട് റോഡിൽ തന്നെ ഓവുചാൽ നവീകരിക്കാൻ കുറെ ഭാഗം ബാക്കിയാണ്. അതുവരെ കൂട്ടിയിട്ട വസ്തുക്കൾ അവശേഷിക്കുമോ എന്നാണ് ആശങ്ക. കളിസ്ഥലത്ത് കുട്ടികൾക്ക് തീരെ പ്രവേശിക്കാൻ പറ്റാത്ത സ്ഥിതിയാണ്.
ബാലാവകാശ പ്രശ്നം എന്ന നിലയിൽ പി.ഡബ്ല്യൂ.ഡി അധികൃതരെ രണ്ടുമൂന്ന് തവണ കണ്ട് വസ്തുക്കൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും നടപ്പായില്ലെന്ന് പി.ടി.എ പ്രസിഡന്റ് എൻ.പി. സക്കീർ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് എൻജിനീയർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഈ മാസം അവസാനം അവ എടുത്തുമാറ്റി സ്ഥലം നിരപ്പാക്കിത്തരുമെന്നും അറിയിച്ചതായി ഹെഡ്മാസ്റ്റർ ഇ. അഷ്റഫ് പറഞ്ഞു. അതിനിടെ കോൺഗ്രീറ്റ് ഭീമുകളും മറ്റ് മാലിന്യങ്ങളും മാറ്റാതെ സ്ഥലം മണ്ണിട്ട് നിരപ്പാക്കാനുള്ള ശ്രമവും നടക്കുന്നതായി നാട്ടുകാർ പറഞ്ഞു.