താമരശ്ശേരി: പ്രവാസി യുവാവ് പരപ്പൻപൊയിൽ സ്വദേശി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾകൂടി പിടിയിൽ. താമരശ്ശേരി കുടുക്കിലുമ്മാരം നടുവിൽ പീടികയിൽ മുഹമ്മദ് സഫ്വാനെയാണ് (27) ചൊവ്വാഴ്ച വൈകീട്ട് താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടി താമരശ്ശേരിയിൽവെച്ച് അറസ്റ്റ് ചെയ്തത്.
തട്ടിക്കൊണ്ടുപോകുന്നതിനു രണ്ടു ദിവസം മുമ്പ് പ്രതികൾക്ക് ഷാഫിയുടെ വീടും റോഡുകളും കാണിച്ചുകൊടുത്തത് ഇയാളും മുഹമ്മദ് ഷിബിലി, മുഹമ്മദ് നിസാബ് എന്നിവരുമുൾപ്പെട്ട സംഘമായിരുന്നു. ഇയാൾ ഷാഫിയുടെ കൂടെ ദുബൈയിൽ ജോലിചെയ്യുന്ന സമയത്ത് ഷാഫി ഇയാൾക്ക് ക്രിപ്റ്റോ കറൻസി ഇടപാടിൽ 15 ലക്ഷം നൽകാനുണ്ടായിരുന്നതായും പിന്നീട് പലതവണ ചോദിച്ചിട്ടും ആ പണം നൽകാത്തതും ഇയാൾക്ക് ഷാഫിയോടുള്ള വിരോധത്തിനു കാരണമായതായും പൊലീസ് പറഞ്ഞു.
സംഭവത്തിനുശേഷം സഫ്വാൻ ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. പൊലീസ് ഇയാൾക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതോടെ കേസിൽ ഏഴു പ്രതികൾ പിടിയിലായി. പ്രതിയെ താമരശ്ശേരി ജെ.എഫ്.സി.എം കോടതി റിമാൻഡ് ചെയ്തു.