പൊട്ടലില്ലാത്ത കൈക്കാണ് പ്ലാസ്റ്ററിട്ടതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ആരോപണത്തിന് മറുപടിയുമായി ആർ.എം.പി.ഐ നേതാവ് കെ.കെ രമ എം.എൽ.എ. പരിക്കില്ലാതെ പ്ലാസ്റ്ററിട്ടതെങ്കിൽ മറുപടി പറയേണ്ടത് ആരോഗ്യ വകുപ്പാണെന്ന് കെ.കെ. രമ പ്രതികരിച്ചു.
അസുഖമില്ലാത്ത ആളെ ചികിത്സക്ക് വിധേയമാക്കിയെങ്കിൽ ആശുപത്രി സംവിധാനങ്ങളുടെ വീഴ്ചയാണിത്. ഈ വിഷയത്തിൽ ആരോഗ്യ വകുപ്പ് മറുപടി പറയണം. കൈക്ക് പരിക്കില്ലാതെയാണ് പ്ലാസ്റ്ററിട്ടതെങ്കിൽ ഡോക്ടർക്കെതിരെയും തന്‍റെ എക്സ്റേ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെങ്കിൽ ആശുപത്രി അധികൃതർക്കെതിരെയും നിയമനടപടി സ്വീകരിക്കും. സ്വകാര്യ വിവരങ്ങൾ പുറത്തുവിടാൻ ആശുപത്രിക്ക് അധികാരമില്ല.
തന്നെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ആദ്യ ദിവസം കിട്ടിയിരുന്നില്ല. പിന്നീട് ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വളഞ്ഞിട്ട് ആക്രമിച്ചത് ആസൂത്രിതമാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മനസിലാക്കിയത്. ആറോളം പേർ ചേർന്ന് വലിച്ചു പൊക്കിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്നും കെ.കെ രമ മാധ്യമങ്ങളോട് പറഞ്ഞു.