കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ വഴികളിൽ കറുപ്പിനു വീണ്ടും വിലക്ക്. സിപിഎം മുൻ എംഎൽഎയുടെ മരണവീടിനു സമീപം കെട്ടിയ കറുത്ത കൊടി പോലും പൊലീസ് അഴിപ്പിച്ചു. കണ്ണൂരിൽ ഇന്നലെ പുലർച്ചയോടെ വീട്ടിൽ ഉറങ്ങിക്കിടന്ന 2 യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കരുതൽതടങ്കലിലാക്കി. ചാലിൽ കല്ലൂക്കാരന്റവിട കെ.ആർ.മുനീർ (42), മാക്കിട്ടപുരയിൽ വി. മുനീർ (36) എന്നിവരെ മുഖ്യമന്ത്രി കോഴിക്കോട്ടേക്കു പുറപ്പെട്ടശേഷമാണ് വിട്ടയച്ചത്.
കഴിഞ്ഞദിവസം അന്തരിച്ച സിപിഎം മുൻ എംഎൽഎ സി.പി.കുഞ്ഞുവിന്റെ ഫ്രാൻസിസ് റോഡിലെ വീട്ടിൽ മുഖ്യമന്ത്രി ഉച്ചയ്ക്കെത്തി. ഇതിനു തൊട്ടുമുൻപാണ് ജംക്ഷനിൽ കുഞ്ഞുവിന്റെ വീട്ടിലേക്കു തിരിയുന്ന ഭാഗത്ത് പോസ്റ്റിൽ കെട്ടിയിരുന്ന കറുത്ത കൊടി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. മരണവിവരം അറിയിക്കുന്ന ബോർഡിനു മുകളിലുള്ള കൊടി പൊലീസ് ഉടൻ അഴിച്ചുമാറ്റി. കോഴിക്കോട് ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദിന്റെ പിതാവാണ് കുഞ്ഞു.
രാത്രി ഏഴോടെ കോഴിക്കോട് മിനി ബൈപ്പാസിൽ കാരപ്പറമ്പിനും എരഞ്ഞിപ്പാലത്തിനുമിടയ്ക്കുവച്ച് കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. വാഹന വ്യൂഹത്തിനുനേരെ പാഞ്ഞടുത്ത സനോജ് കുരുവട്ടൂർ, റനീസ് മുണ്ടിയത്ത്, റിഷികേശ് എന്നീ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.