ഫറോക്ക്: രാമനാട്ടുകര-പെരുമുഖം- നല്ലൂർ റോഡ് സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കാതിരുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസ്. പെരുമുഖം പരിസ്ഥിതിസംരക്ഷണ സമിതി സെക്രട്ടറി അഭിലാഷ് മലയിൽ നൽകിയ പരാതിയിലാണ് പി.ഡബ്ല്യൂ.ഡി റോഡ്സ് വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ, എക്സിക്യൂട്ടിവ് എൻജിനീയർ, എന്നിവർക്കെതിരെ ഫറോക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കെ.എസ്.ഇ.ബി കേബിൾ സ്ഥാപിക്കാൻ ഏഴ് മാസം മുമ്പ് കുഴിയെടുത്ത റോഡ് ഇതുവരെ പൂർവസ്ഥിതിയിലാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കേബിൾ സ്ഥാപിച്ച റോഡ് പൂർവസ്ഥിതിയിൽ ആക്കുന്നതിന് കെ.എസ്.ഇ.ബി 42.07 ലക്ഷം നേരത്തെ മരാമത്ത് റോഡ്സ് വിഭാഗത്തിൽ അടച്ചിട്ടുണ്ട്.
എന്നാൽ, റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള പ്രവൃത്തി ചെയ്യാത്തതിനാൽ രൂക്ഷമായ പൊടിശല്യവും ഗതാഗതതടസ്സവും കാരണം യാത്രക്കാർ ദുരിതമനുഭവിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. കൈപ്പറ്റിയ ഫണ്ട് വിനിയോഗിക്കാതെയും കുഴിയെടുത്ത ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കാതെയും ഉദ്യോഗസ്ഥർ തികഞ്ഞ അനാസ്ഥയാണ് കാണിച്ചതെന്നും പരാതിയിലുണ്ട്.