ബാലുശ്ശേരി∙ പനങ്ങാട് പഞ്ചായത്തിന്റെ അറിവോടെ അനധികൃത നിർമാണം നടത്തുന്നതായി പി.ടി.ഉഷ കഴിഞ്ഞ ദിവസം ആരോപിച്ച ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്റെ usha-school സ്ഥലവും വിവാദ റോഡും കലക്ടറുടെ നിർദേശത്തെ തുടർന്ന് ജില്ലാ വികസന കമ്മിഷണർ എം.എസ്.മാധവിക്കുട്ടി സന്ദർശിച്ചു.ഉഷ സ്കൂളിനു സമീപത്തു കൂടെ കാന്തലാട് മലയിലേക്കു കടന്നുപോകുന്ന റോഡും ഇതുവഴി ജലവിതരണ പൈപ്പ് സ്ഥാപിച്ചതുമാണ് ഇപ്പോൾ വിവാദമായത്. ഉഷ സ്കൂളിന്റെ അതിർത്തിക്കു പുറത്തേക്കു പോകുന്ന ഒരു റോഡും കെഎസ്ഐഡിസി കൈമാറിയ ഭൂമിയിൽ ഇല്ലെന്ന് സ്കൂൾ അധികൃതരും പരമ്പരാഗത വഴി ഉണ്ടായിരുന്നതായി പഞ്ചായത്ത് അധികൃതരും ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധിയെ അറിയിച്ചു.
വനിത താരങ്ങൾ താമസിക്കുന്ന ഹോസ്റ്റലിനു സമീപത്തു കൂടെ മുകളിലേക്കു കടന്നുപോകുന്ന റോഡ് സുരക്ഷിതത്വ ഭീഷണി ഉയർത്തുന്നതായി പി.ടി.ഉഷ കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ പറഞ്ഞിരുന്നു. ഇതിനു ശേഷം കാന്തലാട് മലയിലേക്കു റോഡ് ഉണ്ടെന്നും ഇല്ലെന്നുമുള്ള വാദങ്ങൾ ശക്തമായി.തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധിയെ പ്രസ്തുത സ്ഥലം സന്ദർശിക്കുന്നതിനായി കലക്ടർ നിയോഗിച്ചത്. റവന്യു ഉദ്യോഗസ്ഥരിൽ നിന്ന് സ്ഥലത്തിന്റെ രേഖകൾ വാങ്ങി കമ്മിഷണർ പരിശോധിച്ചു.കാന്തലാട് മലയിലെ താമസക്കാരെയും എം.എസ്.മാധവിക്കുട്ടി കണ്ടു.
വിശദമായ റിപ്പോർട്ട് കലക്ടർക്കു കൈമാറും. പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടിക്കൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻ ഷാജി കെ.പണിക്കർ, സെക്രട്ടറി മുഹമ്മദ് ലുഖ്മാൻ, താമരശ്ശേരി തഹസിൽദാർ സി.സുബൈർ, വില്ലേജ് ഓഫിസർ എസ്.സന്തോഷ് കുമാർ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു. കെഎസ്ഐഡിസി അധികൃതരും വിവാദ സ്ഥലം സന്ദർശിച്ചു.