താമരശ്ശേരി: ചുരത്തിലെത്തുന്നവരിൽനിന്ന് യൂസർ ഫീ ഈടാക്കാനുള്ള തീരുമാനത്തിനെതിരെ ജില്ല ഭരണകൂടവും പൊതുമരാമത്ത് വകുപ്പും നിലപാടെടുത്തതിനെ തുടർന്ന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് യൂസർ ഫീ ഈടാക്കുന്നത് തൽക്കാലം നിർത്തിവെച്ചതായി പ്രസിഡന്റ് ബീന തങ്കച്ചൻ അറിയിച്ചു.
ചുരത്തിൽ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനങ്ങളിൽ വന്നിറങ്ങുന്ന സഞ്ചാരികളിൽനിന്ന് വാഹനമൊന്നിന് ഇരുപത് രൂപ യൂസർഫീ ഈടാക്കാനായിരുന്നു പുതുപ്പാടി പഞ്ചായത്ത് ഭരണസമിതി തീരുമാനം. ഇതിനായി ചുരം വ്യൂ പോയന്റിലും വിനോദ സഞ്ചാരികൾ കേന്ദ്രീകരിക്കുന്ന മറ്റു പ്രധാന കേന്ദ്രങ്ങളിലും യൂസർഫീ ഈടാക്കാനായി ഹരിതകർമ സേനാംഗങ്ങളെ നിയമിക്കാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നത്.
കൂടുതൽ അപകടങ്ങളുണ്ടാവുന്ന വ്യൂ പോയന്റുൾപ്പടെയുള്ള ഭാഗങ്ങളിലാണ് ഹരിത സേനാംഗങ്ങളെ യൂസർഫീ ഈടാക്കാൻ നിയോഗിച്ചിരുന്നത്. നിലവിൽ വാഹന പാർക്കിങ് നിരോധന ഭാഗങ്ങളിൽ വാഹനങ്ങളിൽനിന്നിറങ്ങി ചുരം ആസ്വദിക്കുന്നവർക്കെതിരെ നടപടിയെടുക്കാതിരിക്കുന്നതാണ് ചുരത്തിലുണ്ടാവുന്ന ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളിലൊന്ന്.
ഇത് കണ്ടില്ലെന്ന് നടിച്ച് വാഹനങ്ങൾക്ക് പാർക്കിങ്ങിന് സൗകര്യമൊരുക്കിയാൽ കൂടുതൽ ഗതാഗതക്കുരുക്കിന് കാരണമാവുമെന്നാണ് ആക്ഷേപം. ചുരം ദേശീയപാത കടന്നുപോവുന്നത് വനംവകുപ്പിന്റെ സ്ഥലത്ത് കൂടിയാണ്. ഗ്രാമപഞ്ചായത്തിന് ചുരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കണമെങ്കിൽ വനംവകുപ്പിന്റെയും ദേശീയപാത വിഭാഗത്തിന്റെയു അനുമതിയും വേണ്ടതുണ്ട്.