പയ്യോളി: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ പണവും സ്വർണവുമടങ്ങിയ ബാഗ് ഉടമക്ക് നൽകി വിദ്യാർഥികൾ മാതൃകയായി. തിക്കോടിയ സ്മാരക ഗവ. ഹയർ സെക്കണ്ടറിയിലെഎട്ടാംതരം വിദ്യാർഥികളായ കാട്ടുകുറ്റിയിൽ ഉദയന്റെ മകൻ അമൻ, മണപ്പുറത്ത് ബാബുവിന്റെ മകൻ മാധേവ് എന്നിവർക്കാണ് ബാഗ് കളഞ്ഞുകിട്ടിയത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം.
സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് പോകുമ്പോൾ ഇരിങ്ങൽ കുന്നങ്ങോത്ത് പാലത്തിനു സമീപം വെച്ച് മുന്നിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽനിന്നും തെറിച്ചുവീണ ബാഗ് വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ ബാഗുമെടുത്ത് ഓട്ടോക്ക് പിന്നാലെ സൈക്കിൾ ഓടിച്ചുപോയെങ്കിലും ഓട്ടോറിക്ഷയിലുള്ളവർ വിളി കേട്ടില്ല.
പൊതുപ്രവർത്തകനും പയ്യോളി പ്രസ് ക്ലബ് വൈസ് പ്രസിഡന്റുമായ സബീഷ് കുന്നങ്ങോത്തിന്റെ വീട്ടിലെത്തിച്ച് ബാഗിൽനിന്ന് മേൽവിലാസം കണ്ടെത്താനായി ശ്രമം തുടരവെ, വിവരമറിഞ്ഞെത്തിയ ഉടമ ബാഗ് കൈപ്പറ്റുകയായിരുന്നു.
മധ്യപ്രദേശിലേക്ക് പോകാൻ വേണ്ടി പുറപ്പെട്ട ഇരിങ്ങൽ സ്വദേശികളായ കുടുംബത്തിന്റെ പണവും സ്വർണവും വസ്ത്രവുമടങ്ങിയ ബാഗ് ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വിദ്യാർഥികളെകൈത്താങ്ങ് ചാരിറ്റബിൾ ട്രസ്റ്റ് ഇരിങ്ങലിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
കൈത്താങ്ങ് ചെയർമാൻ കെ.കെ. ലിബിൻ ഉപഹാരം നൽകി. കെ.കെ. അഭിലാഷ്, പടന്നയിൽ രത്നാകരൻ, ഇ. സൂരജ് എന്നിവർ സംബന്ധിച്ചു.