കോഴിക്കോട്: നല്ലളം സ്വദേശിയായ പ്രവാസിയിൽനിന്ന് ഓൺലൈനായി 20 ലക്ഷം രൂപ തട്ടിയ നൈജീരിയൻ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ. അക്കൂച്ചി ഇഫൻയി ഫ്രാങ്ക്ളിനെയാണ് ബംഗളൂരുവിൽനിന്ന് കോഴിക്കോട് സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ കേസിൽ നൈജീരിയൻ സ്വദേശികളായ ഇമ്മാനുവൽ ജെയിംസ് ലെഗ്ബതി, ഡാനിയൽ ഒയ്വാലെ ഒലായിങ്ക എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ചത് അക്കൂച്ചി ഇഫൻയി ഫ്രാങ്ക്ളിനാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയില്‍നിന്ന് സാമ്പത്തിക തട്ടിപ്പിനുപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. നിരവധി മൊബൈൽ ഫോൺ നമ്പറുകളും സമൂഹമാധ്യമ അക്കൗണ്ടുകളും നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തി സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്.
ഒ.എൽ.എക്സ് സൈറ്റിൽ വിൽപനക്കുവെച്ച ആപ്പിൾ ഐപാഡ് 65,000 രൂപക്ക് വാങ്ങാനെന്ന വ്യാജേനയാണ് പ്രതി നല്ലളം സ്വദേശിയായ പ്രവാസിയുമായി സൗഹൃദം സ്ഥാപിച്ചത്. അമേരിക്കയിലെ വെൽ ഫാർഗോ ബാങ്കിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഡൊമെയ്ൻ നിർമിച്ച് പണം അയച്ചതിന്റെ വ്യാജ രസീത് ഇ-മെയിൽ വഴി അയക്കുകയും വ്യാജ നമ്പറുകളിലുള്ള വാട്സ്ആപ് അക്കൗണ്ട് വഴിയും ആർ.ബി.ഐ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഇ-മെയിലുകൾ അയച്ചുമായിരുന്നു തട്ടിപ്പ്. വൻതുക ലഭിക്കാനുള്ള അക്കൗണ്ടിന്റെ പ്രോസസിങ് ഫീസ്, അക്കൗണ്ട് ആക്ടിവേഷൻ പ്രോസസിങ് ചാർജ് എന്നിങ്ങനെ പറഞ്ഞാണ് 20 ലക്ഷം രൂപ കൈക്കലാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലുമായാണ് പലതവണകളായി പണം തട്ടിയത്.
നിരവധി ഫോൺ കാൾ രേഖകൾ പരിശോധിച്ചും ഒട്ടേറെ മൊബൈൽ ഫോണുകളും മറ്റ് ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളും സമൂഹമാധ്യമ അക്കൗണ്ടുകളും നിരീക്ഷിച്ചുമാണ് സൈബർ പൊലീസ് പ്രതികൾ നൈജീരിയക്കാരെന്ന് തിരിച്ചറിഞ്ഞത്. ബംഗളൂരു വിദ്യാരണ്യപുര പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ വിലാസത്തിൽ അനധികൃതമായി താമസിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനുപയോഗിച്ച സിം കാർഡ്, മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ നേരത്തെ അറസ്റ്റിലായവരിൽനിന്ന് പിടികൂടിയിരുന്നു. കഴിഞ്ഞ മാര്‍ച്ചിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ പ്രതികൾക്കെതിരെ സാമ്പത്തിക തട്ടിപ്പിനുപുറമെ ഐ.ടി ആക്ടിലെ വിവിധ കുറ്റങ്ങളുമാണ് ചുമത്തിയത്. സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്പെക്ടര്‍ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എം. വിനോദ് കുമാർ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജിതേഷ്, രാജേഷ്, ഫെബിന്, സിവില്‍ പൊലീസ് ഓഫിസറായ അര്ജുന്, സനോജ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.