ബാലുശ്ശേരി: വയലട കരിങ്കൽ ക്വാറിയിൽ വിജിലൻസ് സ്ക്വാഡിന്റെ മിന്നൽ പരിശോധനയിൽ 10 ലോറികൾ പിടിച്ചെടുത്തു. അഞ്ചുലക്ഷം രൂപ പിഴയടപ്പിച്ചു. അധിക ലോഡ്, ജിയോളജി പാസില്ലാതെ കടത്ത്, ജി.എസ്.ടി വെട്ടിപ്പ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ജിയോളജി, ജി.എസ്.ടി, മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി.
വിജിലൻസ് കോഴിക്കോട് യൂനിറ്റ് ഇൻസ്പെക്ടർ ജെ.ഇ. ജയൻ, എസ്.ഐ രാധാകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജു, ധനേഷ്, ജയേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ക്വാറിയിൽനിന്ന് ഒഴുകിയെത്തുന്ന വെടിമരുന്നടങ്ങിയ മാലിന്യം താഴെയുള്ള തോടുകളിലും നീരുറവകളിലുമെത്തി വെള്ളം മലിനമാകുന്നതായി നാട്ടുകാർ പറഞ്ഞു.
ഇതിനെതിരെ ക്വാറി ഉടമകൾ നടപടിയെടുത്തിട്ടില്ല. ക്വാറി പ്രവർത്തനം കാരണം നിരവധി ലോഡ് വണ്ടികളാണ് ഇതുവഴി സഞ്ചരിക്കുന്നത്. വയലട-തലയാട് റോഡ് തകർന്ന നിലയിലാണ്. ക്വാറിക്ക് സമീപ പ്രദേശത്തെ വീടുകളിലെ ചുമരുകൾ വിള്ളൽ വീണ് അപകടാവസ്ഥയിലാണ്. ഇതിനെതിരെയും നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ്.