ബേപ്പൂർ: വീട്ടിൽനിന്ന് പണം കവർച്ച നടത്താനുള്ള ശ്രമം എതിർത്തതിന് കാമുകിയെ കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സിറ്റിയിൽ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ ബേപ്പൂർ കിഴക്കുമ്പാടം എട്ടിയാടത്ത് എ. ഷജിത്ത് എന്ന (പൂഴിക്കുട്ടൻ-41) നെയാണ് ബേപ്പൂർ പൊലീസ് ഇൻസ്പെക്ടർ വി. സിജിത്തും സംഘവും പിടികൂടിയത്. പത്ത് വർഷത്തോളമായി അടുപ്പത്തിലുള്ള യുവതിയുടെ താമസസ്ഥലത്ത് അമിതമായി മദ്യപിച്ച് അതിക്രമിച്ചുകടന്ന പ്രതി അലമാരയിൽനിന്ന് പണം കവരാൻ ശ്രമിക്കുകയായിരുന്നു. ഇത് യുവതി തടഞ്ഞതോടെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി. ബേപ്പൂർ, നല്ലളം, ഫറോക്ക്, മാറാട് സ്റ്റേഷൻ പരിധിയിൽ പൂഴി കടത്തുമായി ബന്ധപ്പെട്ട നിരവധി കേസിൽ പ്രതിയാണ് ഷജിത്ത്.
കഴിഞ്ഞമാസം കോഴിക്കോട് ബാറിലെ മുതിർന്ന അഭിഭാഷകനെ രണ്ടു തവണ വീട്ടിൽ കയറി വധഭീഷണി മുഴക്കി ആക്രമിച്ചതിന് ഹൈകോടതിയിൽ കേസുണ്ട്. 20 കുപ്പി വിദേശമദ്യവുമായി പിടികൂടിയ കേസിൽ ജയിൽശിക്ഷ അനുഭവിച്ചിറങ്ങിയതാണ്. നേരത്തെ ബേപ്പൂരിലെ സംഗീത അധ്യാപകനെയും മകനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഉൾപ്പെടെ നിരവധി വധശ്രമക്കേസുകൾ ഇയാളുടെ പേരിൽ ഉള്ളതിനാൽ പൊലീസ് കാപ്പ ചുമത്താൻ ഒരുങ്ങവെയാണ് വീണ്ടും വധശ്രമക്കേസിൽ അറസ്റ്റിലായതെന്ന് ബേപ്പൂർ പൊലീസ് പറഞ്ഞു.
എസ്.ഐ ഷുഹൈബ്, എ.എസ്.ഐമാരായ മുഹമ്മദ് സുനീർ, ലാലു, സി.പി.ഒമാരായ സജേഷ്, ജിതേഷ്, രഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഷജിത്തിനെ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.