കുന്ദമംഗലം: പടനിലം ഭാഗത്ത് കുടിവെള്ള പൈപ്പ് പൊട്ടി ആഴ്ചകളായി നാട്ടുകാർ ദുരിതത്തിൽ. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് താഴെ പടനിലം ഭാഗത്ത് നടക്കുന്ന പ്രവൃത്തികൾക്കിടയിലാണ് പൈപ്പ് പൊട്ടിയത്. കുന്ദമംഗലം പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളുൾപ്പെടുന്ന പ്രദേശമാണിത്.
പടനിലം ജി.എം.എൽ.പി സ്കൂൾ ഉൾപ്പെടെ നിരവധി വീടുകളിൽ വെള്ളമില്ലാതായിട്ട് 20 ദിവസം കഴിഞ്ഞുവെന്ന് നാട്ടുകാർ പറയുന്നു. പല വീടുകളിലും കിണറിൽ വെള്ളമില്ലാതാകുമ്പോൾ ഏക ആശ്രയം പൈപ്പ് വെള്ളമാണ്. അധികൃതരെ പല ദിവസങ്ങളിലും ബന്ധപ്പെടുമ്പോൾ പൊട്ടിയ പൈപ്പ് നന്നാക്കാമെന്ന് പറയുമെങ്കിലും ദിവസമിത്രയായിട്ടും ഒരു നടപടിയുമായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ദേശീയപാതയിൽ പി.ഡബ്ല്യു.ഡിയുടെ വർക്കിനിടയിൽ പൈപ്പ് പൊട്ടിയതാണെന്നും സ്ഥലം സന്ദർശിച്ച് പി.ഡബ്ല്യു.ഡി അധികൃതരോട് എത്രയും വേഗത്തിൽ പൊട്ടിയ പൈപ്പ് നന്നാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.ദിവസങ്ങളായി വെള്ളമില്ലാതെ ദുരിതത്തിലായ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചു.