കോഴിക്കോട്: ദുരന്ത നിവാരണ മോക്ഡ്രില്ലിൽ പങ്കെടുത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ സിപിഎം നേതാവായ പഞ്ചായത്തംഗം അറസ്റ്റിൽ. മാവൂര്‍ പഞ്ചായത്തംഗവും സി.പി.എം നേതാവുമായ കെ. ഉണ്ണികൃഷ്ണൻ ആണ് പൊലീസിൽ കീഴടങ്ങിയത്.
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന സർക്കാരിന്റെയും നേതതൃത്വത്തിൽ സംഘടിപ്പിച്ച മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങുകയായിരുന്ന 15 വയസ്സുകാരനാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.
ഡിസംബർ 29നാണ് കേസിനാസ്പദമായ സംഭവം. മോക്ഡ്രില്ലിൽ പങ്കെടുത്ത വിദ്യാർഥിയെ മോക്ഡ്രില്ലിനായി എത്തിച്ച ആംബുലൻസിൽ വച്ചും തന്റെ കാറിൽ വച്ചും പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ മാവൂർ പൊലീസ് ആണ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന ഉണ്ണികൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പോക്സോ കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് കീഴടങ്ങിയത്.
ആംബുലൻസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ കാറും വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ വൈദ്യപരിശോധനക്കു ശേഷം കുന്ദമംഗലം കോടതിയിൽ ഹാജരാക്കും.