കോഴിക്കോട്: ബിജെപി യോഗത്തിൽ കയറി ആർഎസ്എസുകാരുടെ മർദ്ദനം. രണ്ടു ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. പേരാമ്പ്രയിൽ ബിജെപി നിയോജക മണ്ഡലം ബൂത്ത് ഭാരവാഹികളുടെ യോഗത്തിലാണ് സംഭവം. പമ്പ് ഉടമയോട് പണം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സംഘർഷം.
ബിജെപി മണ്ഡലം ഭാരവാഹികളായ ശ്രീധരൻ മുതുവണ്ണാച്ച, ശ്രീജിത്ത് എന്നിവർക്ക് പരിക്കേറ്റു.ബിജെപി ജില്ല ജനറൽ സെക്രട്ടറി എം മോഹനൻ, മണ്ഡലം പ്രസിഡന്റ് കെകെ രജീഷ് എന്നിവരുൾപ്പെടെ 40 പേർ പങ്കെടുത്ത യോഗത്തിലേക്ക് അതിക്രമിച്ച് കയറിയാണ് ആർഎസ്എസ് സംഘം അക്രമം നടത്തിയത്.
ചൊവ്വാഴ്ച പേരാമ്പ്ര ആര്യ ടൂറിസ്റ്റ് ഫോമിലായിരുന്നു ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം യോഗം. കല്ലോട് മൂരികുത്തിയിൽ പെട്രോൾ പമ്പ് തുടങ്ങാൻ ഉടമയോട് മണ്ഡലം നേതാക്കൾ കൈക്കൂലി വാങ്ങി എന്നാരോപിച്ചാണ് ആർഎസ്എസുകാർ മർദനം നടത്തിയത്. ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തി 1.10 ലക്ഷം രൂപ വാങ്ങിയതായും അതിനു ശേഷം 1.5 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടെന്നുമുളള പമ്പ് ഉടമയുടെ ശബ്ദ സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
പമ്പ് ഉടമയും സംഘപരിവാറുമായി ബന്ധമുളള ആളാണ്. പമ്പിൽ ജോലിക്ക് എട്ട് ബിജെപി പ്രവർത്തകരെ നിർത്തണമെന്നും ആവശ്യപ്പെട്ടതായി ഉടമയുടെ ശബ്ദ സന്ദേശത്തിൽ ഉണ്ട്. സാമൂഹിക വിരുദ്ധരാണ് യോഗം കൈയ്യേറിയതെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് കെകെ രജീഷ് ആരോപിച്ചു.