നടുവണ്ണൂർ: കോട്ടൂർ ഗ്രാമപഞ്ചായത്ത് വിവിധ വകുപ്പുകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോട്ടൂർ ഫെസ്റ്റ് കൂട്ടാലിടയിൽ ജനുവരി എട്ടിന് വൈകീട്ട് അഞ്ചിന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിവിധ പരിപാടികളോടെ നടത്തുന്ന ഫെസ്റ്റ് 22ന് സമാപിക്കും. എട്ടിന് കെ.എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും.
സിനിമ നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. വൈകീട്ട് നാലിന് വർണാഭമായ ഘോഷയാത്രയും നടക്കും. തുടർന്ന് ഡൈനാമിറ്റ് ഡിസ്പ്ലേ, ഗോത്ര നൃത്ത മേള എന്നിവയും ഉണ്ടാകും.
കുടുംബശ്രീ കലാമേള, സ്കൂൾ ഫെസ്റ്റ്, സെമിനാറുകൾ, നാട്ടുണർവ്, മെഗാ മെഡിക്കൽ ക്യാമ്പ്, കമ്പവലി, ഗസൽ, ഭിന്നശേഷി കലാമേള, നാടകം, കണ്ണൂർ ഷെരീഫ് നയിക്കുന്ന ഇശൽ നിലാവ്, ആയോധന കല, കലാമണ്ഡലം അക്ഷയ മോഹനനും സംഘവും അവതരിപ്പിക്കുന്ന കേരളീയം, ജില്ലതല വടംവലി മത്സരം, രതീഷ് കാഞ്ഞങ്ങാട് നയിക്കുന്ന ഗാനമേള, 22ന് രാത്രി 8.30ന് കൊച്ചിന് പാണ്ഡവാസ് അവതരിപ്പിക്കുന്ന ഫോക്ക് നൈറ്റ്, വ്യാപാരോത്സവം, എക്സിബിഷൻ കാർണിവൽ, ഭക്ഷ്യമേള, കുടുബശ്രീ വിപണനമേള, കന്നുകാലി പ്രദർശനവും വിൽപനയും എന്നിവയുമുണ്ടാകും.
സംഘാടകസമിതി ഓഫിസ് ജില്ല പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ. സിജിത്ത്, വാർഡ് മെംബർ ഇ. അരവിന്ദാക്ഷൻ, സി.കെ. വിനോദൻ, കെ.കെ. അബൂബക്കർ, എം. ബഷീർ, കെ.എം. ഷീല തുടങ്ങിയവർ സംസാരിച്ചു.