വടകര: ലാഭകരമല്ലെന്നുപറഞ്ഞ് മാഹി റെയിൽവേ റിസർവേഷൻ കൗണ്ടർ നിർത്തലാക്കുന്നു. കൗണ്ടർ നിർത്തലാക്കാനുള്ള പ്രവർത്തനം റെയിൽവേ തുടങ്ങി. അഴിയൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്റ്റേഷൻ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ യാത്രക്കാർക്കുകൂടി ആശ്രയമാണ്. കൗണ്ടർ നിർത്തലാക്കിക്കഴിഞ്ഞാൽ തൽക്കാൽ ടിക്കറ്റുപോലും ലഭിക്കാതെ യാത്രക്കാർ ബുദ്ധിമുട്ടും. മാഹി, തലശ്ശേരി, പാനൂർ നഗരസഭകൾ, അഴിയൂർ, ചൊക്ലി ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ യാത്രക്കാർ പ്രധാനമായും മാഹി റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. വടകരയിൽ സ്റ്റോപ്പില്ലാത്ത പല ട്രെയിനുകൾക്കും മാഹിയിൽ സ്റ്റോപ്പുണ്ട്. ഇതുകൊണ്ടുതന്നെ യാത്രക്കാർ കൂടുതലായും മാഹി റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
മാഹി റെയിൽവേ സ്റ്റേഷന് വർഷങ്ങളായി നല്ല പരിഗണനയാണ് റെയിൽവേ നൽകി വന്നിരുന്നത്. കോവിഡിനുശേഷം സമീപ സ്റ്റേഷനുകളായ മുക്കാളി, നാദാപുരം റോഡ് എന്നിവിടങ്ങളിൽ നിർത്തുന്ന ട്രെയിനുകൾ പലതും നിർത്തലാക്കിയ സ്ഥിതിയുണ്ടായിരുന്നു. നാലു ട്രെയിനുകൾ നിർത്തിയ മുക്കാളിയിൽ നിലവിൽ ഒരു ട്രെയിൻ മാത്രമാണ് കോവിഡിനുശേഷം നിർത്തുന്നത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കണ്ണൂർ – കോയമ്പത്തൂർ ലോക്കൽ ട്രെയിനിന് സ്റ്റോപ് പുന:സ്ഥാപിച്ച് നൽകിയിട്ടില്ല.മാഹി കൗണ്ടർ പൂട്ടാനുള്ള നടപടിയുടെ ഭാഗമായിട്ടുള്ള അറിയിപ്പ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ഇതോടെ പ്രതിഷേധവും ശക്തമായി.