വടകര നഗരസഭയിൽ 10 വയസ്സുകാരിക്ക് ജപ്പാൻ ജ്വരം. ജില്ലയിൽ ആദ്യമായാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. മെഡിക്കൽ കോളജ് മാതൃ–ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിയെ വാർഡിലേക്കു മാറ്റിയിരിക്കുകയാണ്. ആഗ്ര സ്വദേശിയായ കുട്ടിയുടെ കുടുംബം രണ്ടു വർഷമായി വടകരയിലാണ് താമസം. മെഡിക്കൽ കോളജിൽനിന്നുള്ളവർ ഉൾപ്പെടുന്ന ആരോഗ്യ വകുപ്പിലെ സംഘം ശനിയാഴ്ച ഉച്ചയോടെ വടകരയിലെത്തും.
എന്താണ് ജപ്പാൻ ജ്വരം
തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന, കൊതുകു പരത്തുന്ന മാരകമായ ഒരിനം വൈറസ് രോഗമാണു ജപ്പാൻ ജ്വരം അഥവാ ജാപ്പനീസ് എൻസെഫാലിറ്റിസ്. ഇത് ഒരു ജന്തുജന്യരോഗം ആണ്. 1871 ൽ ആദ്യമായി ജപ്പാനിൽ റിപ്പോർട്ട് ചെയ്തതിനാലാണ് ഈ രോഗത്തിന് ഇങ്ങനെ പേരു വന്നത്. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. 1956-ലാണ് ഇന്ത്യയിൽ ആദ്യമായി (തമിഴ് നാട്ടിൽ) ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.