കൊയിലാണ്ടി : ചേമഞ്ചേരി റെയിൽവേ ഹാൾട്ട് സ്റ്റേഷനിൽ ഒക്ടോബർ 10 മുതൽ വണ്ടികൾ വീണ്ടും നിർത്തിത്തുടങ്ങും. കോവിഡിനെത്തുടർന്ന് നിർത്തലാക്കിയ എല്ലാ വണ്ടികളും പത്താംതീയതിമുതൽ നിർത്താനാണ് റെയിൽവേയുടെ തീരുമാനം. കോയമ്പത്തൂർ-കണ്ണൂർ (നമ്പർ 16608), കോഴിക്കോട്-കണ്ണൂർ (06481), തൃശ്ശൂർ-കണ്ണൂർ (16609), കണ്ണൂർ-കോയമ്പത്തൂർ (16607), മംഗളൂരു-കോഴിക്കോട് (16610), കണ്ണൂർ-ഷൊർണൂർ മെമു, കണ്ണൂർ-കോഴിക്കോട് മെമു എന്നീ വണ്ടികളാണ് നിർത്തുക. ഹാൾട്ട് സ്റ്റേഷനിൽ ടിക്കറ്റ് നൽകാൻ സ്വകാര്യ ഏജന്റുമാരെയാണ് നിയോഗിക്കുക.
ചേമഞ്ചേരി സ്റ്റേഷനിൽ തീവണ്ടികൾ നിർത്തിയിട്ട് മൂന്നുവർഷമാകാറായി. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് തീവണ്ടിഗതാഗതം നിയന്ത്രിച്ചതോടെയാണ് ഈ സ്റ്റേഷന് ശനിദശ ബാധിച്ചത്.